അഖില സുരേഷ്
തെന്നിന്ത്യൻ സിനിമയിലെ രണ്ട് സൂപ്പർ താരങ്ങളാണ് രജിനികാന്തും നന്ദമൂരി ബാലകൃഷ്ണയും. ഇരുവർക്കും ആരാധകർ ഏറെയാണ്. ബാലകൃഷ്ണയുടെ പിതാവും നടനും ആന്ധ്രാ മുൻ മുഖ്യമന്ത്രിയുമായ നന്ദമൂരി താരക രാമ റാവുവിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾ രണ്ടുദിവസം മുമ്പാണ് വിജയവാഡയിൽ നടന്നത്. ഈ ചടങ്ങിൽ പങ്കെടുത്ത രജനികാന്ത് ബാലകൃഷ്ണയേക്കുറിച്ചുപറഞ്ഞ കാര്യങ്ങൾ ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്.
താനുൾപ്പെടെയുള്ള നടന്മാർക്ക് ചെയ്യാൻ പറ്റാത്ത പല കാര്യങ്ങളും ബാലകൃഷ്ണ സ്ക്രീനിൽ ചെയ്യുമ്പോൾ വിശ്വാസ്യത വരുന്നുവെന്ന് രജിനി പറഞ്ഞു. ‘എന്റെ സുഹൃത്തായ ബാലയ്യയ്ക്ക് ഒരു നോട്ടം മതി എല്ലാം തകർക്കാൻ. ഒന്നു കണ്ണുചിമ്മിയാൽ വാഹനങ്ങൾ പൊട്ടിത്തെറിക്കും, മുപ്പതടി ഉയരത്തിൽ പറക്കും. ഇത് രജിനികാന്തിനോ അമിതാഭ് ബച്ചനോ ഷാരൂഖിനോ എന്തിന് സൽമാൻ ഖാനുപോലും ചെയ്യാൻ പറ്റില്ല. കാരണം ഞങ്ങളേപ്പോലുള്ളവർ അങ്ങനെ ചെയ്താൽ പ്രേക്ഷകർ വിശ്വസിക്കില്ല’. രജിനികാന്ത് പറഞ്ഞു.
എന്നാൽ ബാലയ്യ എന്തുചെയ്താലും ആളുകൾ വിശ്വസിക്കും. അദ്ദേഹം ചെയ്യുന്നത് സ്വീകരിക്കും. കാരണം എൻ.ടി.ആറിനെയാണ് അവർ ബാലയ്യയിൽ കാണുന്നത്. അദ്ദേഹം വളരെ ദയാലുവായ വ്യക്തിയായിരുന്നുവെന്നും രജിനികാന്ത് പറഞ്ഞു. നേരത്തേ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഹൈദരാബാദിലെത്തിയ രജിനികാന്തിനെ സ്വീകരിക്കുന്ന ബാലകൃഷ്ണയുടെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു.
അതേസമയം പുതിയ ചിത്രങ്ങളുടെ തിരക്കുകളിലാണ് ഇരുതാരങ്ങളും. നെൽസൺ സംവിധാനം ചെയ്യുന്ന ജയിലറാണ് രജിനി നായകനായെത്തുന്ന ചിത്രം. മോഹൻലാൽ, ശിവരാജ്കുമാർ, തമന്ന തുടങ്ങി വലിയ താരനിരയുമായാണ് ചിത്രമെത്തുക. മകൾ ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിൽ കാമിയോ വേഷത്തിലും രജിനിയെത്തുന്നുണ്ട്.
ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്ത വീരസിംഹറെഡ്ഡിയാണ് ബാലകൃഷ്ണയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അനിൽ രവിപുഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് അദ്ദേഹത്തിന്റേതായി വരാനുള്ളത്. എൻബികെ 108 എന്നാണ് സിനിമയ്ക്ക് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്.