ടൊറന്റോ മേയർ ഉപതെരഞ്ഞെടുപ്പിന് 17 ദിവസം മാത്രം ബാക്കി നിൽക്കെ, നിലവിൽ മുന്നേറ്റം തുടരുന്ന ഒലിവിയ ചൗവിനുള്ള പിന്തുണയിൽ ഇടിവ് സംഭവിച്ചതായി പുതിയ സർവ്വേ കണ്ടെത്തി. അതേസമയം, മറ്റൊരു പ്രമുഖ സ്ഥാനാർത്ഥി അന ബെയ്‌ലാവോയ്ക്കുള്ള പിന്തുണ കുതിച്ചുയർന്നതായും ഇന്ന് രാവിലെ പുറത്തുവിട്ട മെയിൻസ്ട്രീറ്റ് സർവ്വേ സൂചിപ്പിക്കുന്നു.
സർവ്വേ സമയത്ത് തിരഞ്ഞെടുപ്പ് നടന്നാൽ വോട്ട് ചെയ്യാൻ തീരുമാനിച്ച വോട്ടർമാരിൽ 29 ശതമാനം പേർ ചൗവിനും 20 ശതമാനം പേർ ബെയ്‌ലാവോവിനും വോട്ട് രേഖപ്പെടുത്തുമെന്ന് പറയുന്നു. മെയിൻസ്ട്രീറ്റ് റിസർച്ച് നടത്തിയ കഴിഞ്ഞ ആഴ്‌ചയിലെ സർവ്വേയെ അപേക്ഷിച്ച് ചൗവിനുള്ള പിന്തുണ മൂന്ന് ശതമാനംകുറഞ്ഞപ്പോൾ അന ബെയ്‌ലാവോയ്ക്കുള്ള പിന്തുണ നാല് പോയിന്റ് ഉയർന്നു.

13 ശതമാനം പിന്തുണയുമായി മുൻ പോലീസ് മേധാവി മാർക്ക് സോണ്ടേഴ്‌സ് മൂന്നാമതും 11 ശതമാനം പിന്തുണയുമായി ജോഷ് മാറ്റ്‌ലോ നാലാം സ്ഥാനത്തും എത്തിയതായി സർവ്വേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മിറ്റ്സി ഹണ്ടറും ആന്റണി ഫ്യൂറിയും 9 ശതമാനം പിന്തുണയുമായി ഒപ്പത്തിനൊപ്പമാണ്. അവർക്ക് പിന്നിൽ ബ്രാഡ് ബ്രാഡ്‌ഫോർഡും “മറ്റൊരു സ്ഥാനാർത്ഥിയും” 4 ശതമാനം നേടി. ക്ലോ ബ്രൗണിന് 3 ശതമാനം വോട്ടർമാരുടെ പിന്തുണയുണ്ട്.

ഇതിനിടെ ഒലീവിയ ചൗവിനെ പരാജയപ്പെടുത്താൻ മറ്റു സ്ഥാനാർത്ഥികളുടെ പിന്തുണ അഭ്യർത്ഥിച്ച് മേയർ സ്ഥാനാർത്ഥി മാർക്ക് സോണ്ടേഴ്‌സ് രംഗത്തെത്തിയിരുന്നു. എന്നാൽ മറ്റു സ്ഥാനാർത്ഥികൾ അദ്ദേഹത്തിന്റെ അപേക്ഷ നിരസിച്ചു.
ജൂൺ 26 ന് നടക്കുന്ന മേയർ ഉപതെരഞ്ഞെടുപ്പിനുള്ള അഡ്വാൻസ് വോട്ടിംഗ് ഇന്നലെ മുതൽ ആരംഭിച്ചിട്ടുണ്ട്. ജൂൺ 13 വരെ വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താൻ അവസരം ലഭിക്കും. വോട്ടർമാർക്കായി നഗരത്തിന് ചുറ്റുമായി 50 അഡ്വാൻസ് വോട്ടിംഗ് ലൊക്കേഷനുകൾ ഒരുക്കിയിട്ടുണ്ട്. ഈ ലൊക്കേഷനുകളിൽ അർഹരായ വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താൻ കഴിയുമെന്ന് സിറ്റി അധികൃതർ അറിയിച്ചു. ഈ അഡ്വാൻസ് വോട്ടിംഗ് ലൊക്കേഷനുകളിൽ വോട്ടർമാർക്ക് ദിവസേന രാവിലെ 10 മണി മുതൽ വൈകുന്നേരം 7 മണി വരെ വോട്ട് ചെയ്യാൻ സാധിക്കും.