ഓട്ടവ : കൂടുതൽ വീടുകൾ നിർമ്മിക്കുക, തൊഴിലുകൾ സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് ഫോൾ ഇക്കണോമിക് സ്റ്റേറ്റ്‌മെന്റ് അവതരിപ്പിച്ചു.
പുതിയ വീടുകൾ നിർമ്മിക്കുന്നതിനും നിർമ്മാണ തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കുന്നതിനും ഹ്രസ്വകാല വാടക, ഗ്രോസറി മേഖലയിലെ മത്സരം തടയുന്നതിനും ഹരിത നിക്ഷേപ നികുതി ക്രെഡിറ്റുകൾ നൽകുന്നതിനും ശതകോടികൾ ചെലവഴിക്കുമെന്നും ക്രിസ്റ്റിയ ഫ്രീലാൻഡ് പ്രഖ്യാപിച്ചു.
രാജ്യത്തുടനീളമുള്ള ഭവനപ്രതിസന്ധി പരിഹരിക്കുന്നതിനായി കൂടുതൽ വാടക ഭവന നിർമ്മാണത്തിന് 2025-26 മുതൽ 1500 കോടി ഡോളർ അപ്പാർട്ട്മെന്റ് കൺസ്ട്രക്ഷൻ ലോൺ പ്രോഗ്രാം എന്ന പേരിൽ പുതിയ വായ്പാ ഫണ്ടും പുതിയ പ്രഖ്യാപനത്തിൽ ഉൾപ്പെടുന്നു. രാജ്യത്തുടനീളം 30,000-ത്തിലധികം പുതിയ വാടക ഭവന യൂണിറ്റുകൾ നിർമ്മിക്കാൻ ഈ നീക്കം സഹായിക്കുമെന്ന് ക്രിസ്റ്റിയ ഫ്രീലാൻഡ് വ്യക്തമാക്കി.
2028-ഓടെ 7,000 പുതിയ വീടുകളുടെ നിർമ്മാണം ലക്ഷ്യമിട്ട് 2025-26 മുതൽ സഹകരണ, പൊതു ഭവന നിർമ്മാണത്തിനായി ഒരു പുതിയ കേന്ദ്രീകൃത ഭവന ഫണ്ടിനായി 100 കോടി ഡോളർ കൂടി നീക്കിവയ്ക്കും. ഇതോടൊപ്പം, “സഹകരണ ഭവന വികസന പദ്ധതി”ക്കായി 309.3 ദശലക്ഷം ഡോളർ പുതിയ ഫണ്ടിംഗ് ഫ്രീലാൻഡ് വാഗ്ദാനം ചെയ്യുന്നു.
ടൊറൻ്റോ, മോൺട്രിയൽ, വാൻകൂവർ തുടങ്ങിയ സ്ഥലങ്ങളിൽ ദീർഘകാല വാടക വിതരണം വിപുലീകരിക്കുന്നതിനായി 2024 ജനുവരി 1 മുതൽ ഹ്രസ്വകാല വാടക നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ 50 ദശലക്ഷം ഡോളർ കൂടി നിക്ഷേപിക്കും. ഇതോടൊപ്പം ദന്ത സംരക്ഷണം പോലുള്ള പ്രധാന പദ്ധതികൾക്കായി പ്രതിവർഷം 480 കോടി ഡോളർ വകയിരുത്തിയതായി ക്രിസ്റ്റിയ ഫ്രീലാൻഡ് അറിയിച്ചു.
ഉയർന്ന പലിശ നിരക്കിൽ മോർഗെജ് പുതുക്കലിനെക്കുറിച്ച് ആശങ്കപ്പെടുന്ന വീട്ടുടമസ്ഥരെ സംരക്ഷിക്കുന്നതിനായി, കനേഡിയൻ മോർഗെജ് ചാർട്ടർ ഫ്രീലാൻഡ് പുറത്തിറക്കി. പണമടയ്ക്കൽ കാലയളവിന്റെ താൽക്കാലിക വിപുലീകരണങ്ങൾ, ചില ഫീസും ചിലവുകളും ഒഴിവാക്കൽ, പുതുക്കൽ ഓപ്‌ഷനുകളുമായുള്ള വിപുലമായ കോൺടാക്റ്റ്, ലംപ്-സവും പ്രീപേയ്‌മെന്റുകളും അനുവദിക്കൽ തുടങ്ങിവ ഈ പുതിയ ചാർട്ടറിൽ ഉൾപ്പെടുന്നു.
എന്നാൽ, ഉയരുന്ന ഭക്ഷ്യവിലയെ പ്രതിരോധിക്കാൻ ഉടനടി പണം നിക്ഷേപിക്കുന്ന കൂടുതൽ ജീവിതച്ചെലവ്-റിബേറ്റ് ആനുകൂല്യങ്ങളൊന്നും ഫോൾ ഇക്കണോമിക് സ്റ്റേറ്റ്‌മെന്റിൽ ഉൾപ്പെടുന്നില്ല. പകരം ഗ്രോസറി ഭീമന്മാരുമായി ചേർന്ന് വില സുസ്ഥിരമാക്കുന്നതിനും വില ചുരുക്കൽ പോലുള്ള പ്രശ്‌നങ്ങൾ അന്വേഷിക്കുന്നതിനും ഗ്രോസറി ടാസ്‌ക് ഫോഴ്‌സ് സ്ഥാപിക്കുന്നതിനും മുൻകൂർ വാഗ്ദാനം ചെയ്ത പദ്ധതികൾ തുടരുമെന്ന് ക്രിസ്റ്റിയ ഫ്രീലാൻഡ് അറിയിച്ചു.