അബുദാബി: ഈ വർഷത്തെ സ്വദേശിവത്കരണ നിർദേശങ്ങൾ നടപ്പാക്കാനുള്ള സമയപരിധി 31-ന് അവസാനിക്കുമെന്ന് യു.എ.ഇ മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അധികൃതർ പറഞ്ഞു. അമ്പതോ അതിൽക്കൂടുതലോ ജീവനക്കാരുള്ള സ്വകാര്യസ്ഥാപനങ്ങൾ വിദഗ്ധ തൊഴിൽവിഭാഗങ്ങളിൽ രണ്ടുശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് വ്യവസ്ഥ.
വാർഷികലക്ഷ്യം കൈവരിക്കുന്നതിൽ പരാജയപ്പെടുന്ന സ്ഥാപനങ്ങൾക്ക് ജനുവരി മുതൽ പിഴ ചുമത്തിത്തുടങ്ങും. ഇതുവരെ സ്വദേശിനിയമനങ്ങൾ നടത്താത്ത സ്ഥാപനങ്ങൾക്ക് നാഫിസ് പദ്ധതിയിലൂടെ യോഗ്യരായ യു.എ.ഇ. പൗരന്മാരെ കണ്ടെത്താം. നിയമം അനുസരിക്കാതിരുന്നാലും നിയമനങ്ങളിൽ ക്രമക്കേട് നടത്തിയാലും കടുത്ത നിയമനടപടികൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്താനായി കർശനപരിശോധനയാണ് നടത്തുന്നത്.
സ്വദേശിവത്കരണനിയമത്തോടുള്ള പ്രതിബദ്ധതയുടെയും സ്വകാര്യ മേഖലയിൽ ഇമിറാത്തി ജീവനക്കാരുടെ വർധനയ്ക്ക് നൽകിയ ഗണ്യമായ സംഭാവനകളുടെയും പേരിൽ 18,000-ത്തിലേറെ സ്ഥാപനങ്ങളെ മന്ത്രാലയം അഭിനന്ദിച്ചു. സ്വദേശിവത്കരണലക്ഷ്യങ്ങൾ കൈവരിക്കുന്ന സ്ഥാപനങ്ങൾക്ക് സർക്കാർ കരാറുകൾക്കുള്ള ലേലത്തിൽ മുൻഗണന നൽകുന്നതുൾപ്പെടെ ചില ആനുകൂല്യങ്ങൾ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.
സ്ഥാപനങ്ങളെ സ്വദേശിവത്കരണ പങ്കാളിത്ത ക്ലബ്ബിൽ ചേർക്കുക, നാഫീസ് ആനുകൂല്യങ്ങൾ നൽകുക, സ്വകാര്യമേഖലയിലെ തൊഴിലിന് യോഗ്യതയുള്ള യു.എ.ഇ. പൗരന്മാരുടെ ഡേറ്റാബേസ് ലഭ്യമാക്കുക എന്നിവ ഇതിലുൾപ്പെടുന്നു.