ബലാത്സംഗം ചെയ്യപ്പെടുമോ എന്ന ഭയത്തിലാണ് പാകിസ്ഥാനിൽ താൻ അടക്കമുള്ള സ്ത്രീകൾ ജീവിക്കുന്നതെന്ന് നടി ആയിഷ ഒമർ. ആയിഷ ഒരു പോഡ്കാസ്റ്റിൽ പങ്കുവച്ച അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കറാച്ചിയിൽ വച്ച് തന്നെ രണ്ട് തവണ തട്ടിക്കൊണ്ടു പോയിരുന്നതായാണ് ആയിഷ പറയുന്നത്.
എനിക്ക് ഇവിടെ സുരക്ഷിതമായി തോന്നുന്നില്ല. ഒരോ മനുഷ്യനും പുറത്തിറങ്ങി ശുദ്ധ വായു ശ്വസിക്കാൻ ആഗ്രഹം കാണും എന്നാൽ അതിനായി എനിക്ക് ഇവിടെ റോഡിൽ നടക്കാൻ സാധിക്കില്ല. ഒന്ന് തെരുവിൽ സൈക്കിൾ ഓടിക്കാൻ പോലും ആകില്ല. കറാച്ചിയിലെ ജീവിതം സമ്മർദ്ദവും ഉത്കണ്ഠയും ഉണ്ടാക്കുന്നു.
പാകിസ്ഥാനി സ്ത്രീ സമൂഹം വളരുന്നത് ഇവിടുത്തെ ആണുങ്ങൾ ഒരിക്കലും കണുന്നില്ല. പാകിസ്ഥാൻറെ പെൺമുഖങ്ങളെ അവർ ഭയക്കുന്നു അല്ലെങ്കിൽ മനസിലാക്കുന്നില്ല. ഇത് ഒരോ സെക്കൻറിലും എന്നിൽ ആശങ്കയുണ്ടാക്കുന്നു. കോളേജിൽ പഠിക്കുമ്പോൾ കറാച്ചിയിലേതിനേക്കാൾ ലാഹോറിൽ തനിക്ക് സുരക്ഷിതത്വം തോന്നിയിരുന്നു. അന്ന് ബസിലാണ് യാത്ര ചെയ്തിരുന്നത്. കറാച്ചിയിൽ വെച്ച് രണ്ടു തവണ എന്നെ തട്ടികൊണ്ട് പോയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകപ്പെടുമെന്നോ, ബലാത്സംഗം ചെയ്യപ്പെടുമെന്നോ എന്ന് ഭയക്കാതെ സ്വതന്ത്രമായി പാക്കിസ്ഥാനിൽ നടക്കാൻ കഴിയില്ല. സ്വാതന്ത്ര്യവും സുരക്ഷയും മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണ്, അത് ഇവിടെ ഇല്ല.
വീട്ടിൽ പോലും സുരക്ഷിതയല്ല. എല്ലാ രാജ്യത്തും കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അവിടെ പുറത്തിറങ്ങി നടക്കാം. ഇവിടെ പാർക്കിൽ പോയാൽ പോലും ഉപദ്രവമാണ്. എങ്കിലും ലോകത്ത് താൻ ഇഷ്ടപ്പെടുന്ന നാടാണ് പാകിസ്ഥാൻ. പക്ഷെ എൻറെ സഹോദരൻ രാജ്യം വിട്ട് ഡെൻമാർക്കിൽ സ്ഥിര താമസമാക്കി. അമ്മ ഉടൻ രാജ്യം വിടാൻ പ്ലാൻ ഉണ്ട് എന്നാണ് നടി പറയുന്നത്.