പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ മാഹി പളളിക്ക് ബസിലിക്ക പദവി.
മാഹി സെന്റ് തെരേസാസ് തീര്‍ഥാടനകേന്ദ്രത്തെ ഫ്രാന്‍സിസ് മാര്‍പാപ്പാ ബസിലിക്കയായി ഉയര്‍ത്തിയാതായി കോഴിക്കോട് ബിഷപ്പ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍. ശതാബ്ദിയുടെ നിറവിലുള്ള കോഴിക്കോട് രൂപതയ്ക്ക് ലഭിച്ച അംഗീകാരവും ക്രിസ്മസ് സമ്മാനവുമായി ഇതിനെ സ്വീകരിക്കുന്നതായി രൂപത പ്രതികരിച്ചു. കോഴിക്കോട് രൂപതയിലെ ഈ തീര്‍ഥാടനകേന്ദ്രം കേരളത്തിലെ പതിനൊന്നാമത്തേതും വടക്കന്‍ കേരളത്തിലെ ആദ്യ ബസിലിക്കയുമാകും.
1736-ലാണ് മയ്യഴി അമ്മയുടെ ദേവാലയം എന്ന് അറിയപ്പെടുന്ന മാഹി പള്ളി സ്ഥാപിതമായത്. ആരാധന ക്രമം, കൂദാശകള്‍, പ്രശസ്തി, സൗന്ദര്യം, ദൗത്യം, ചരിത്രം, ചരിത്രപരമായ മൂല്യം, വാസ്തുവിദ്യ തുടങ്ങിയവ പരിഗണിച്ചാണു പദവി. ഒരു ദേവാലയം ബസിലിക്കയാണെന്ന് സൂചിപ്പിക്കുന്ന മൂന്ന് അടയാളങ്ങള്‍ മാഹി പള്ളിയില്‍ പ്രദര്‍ശിപ്പിക്കും. മഞ്ഞയും ചുവപ്പും വരകള്‍ കൊണ്ടു രൂപകല്‍പന ചെയ്ത പട്ടു മേലാപ്പു കുട, ഒരു തൂണില്‍ ഘടിപ്പിച്ചിരിക്കുന്ന മണികള്‍, പേപ്പല്‍ കുരിശിന്റെ താക്കോലുകള്‍ എന്നിവയാണ് സ്ഥാപിക്കുക.
മഞ്ഞയും ചുവപ്പും(പരമ്പരാഗത പേപ്പല്‍ നിറങ്ങള്‍) വരകളാല്‍ രൂപകല്‍പന ചെയ്ത പട്ടുമേലാപ്പിന്റെ കുട മാര്‍പാപ്പയുടെ അധികാരത്തിന്റെ പ്രതീകമാണ്.
പോപ്പുമായുള്ള സഭയുടെ ബന്ധത്തെ സൂചിപ്പിക്കാന്‍ ബസിലിക്കയില്‍ ഒരു തൂണില്‍ ഘടിപ്പിച്ചിരിക്കുന്ന മണികള്‍ മധ്യകാലഘട്ടത്തിലും നവോത്ഥാനകാലത്തും മാര്‍പാപ്പയുടെ ഘോഷയാത്രകളില്‍ പരിശുദ്ധപിതാവിന്റെ സാമിപ്യത്തെ കുറിച്ച് റോമിലെ ജനങ്ങളെ അറിയിക്കാന്‍ ഉപയോഗിച്ചിരുന്ന അടയാളമായിരുന്നു. മാര്‍പാപ്പയുടെ പ്രതീകമാണ് പേപ്പല്‍ കുരിശിന്റെ താക്കോല്‍. ക്രിസ്തു പത്രോസിന് നല്‍കിയ വാഗ്ദാനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
തൃശൂര്‍ കഴിഞ്ഞാല്‍ വടക്കന്‍ കേരളത്തില്‍ ഒരു ദേവാലയം പോലും ബസിലിക്കയായി ഉയര്‍ത്തപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് മാഹി പള്ളിക്ക് ബസിലിക്ക പദവി ലഭിക്കുന്നത്. മാഹിയുടെ കാര്യത്തില്‍ മാര്‍പാപ്പയ്ക്ക് രൂപതയുടെ പേരില്‍ അപേക്ഷ അയയ്ക്കുകയും അതിന് പോസിറ്റീവായ മറുപടി ലഭിച്ചെന്നും ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു.
ലോകത്ത് നാല് പ്രധാന മേജര്‍ ബസിലിക്കകളാണുള്ളത്. അവയെല്ലാം റോമിലാണ്. സെന്റ് പീറ്റേഴ്‌സ്, സെന്റ് ജോണ്‍ ലാറ്ററന്‍, സെന്റ് മേരി മേജര്‍, സെന്റ് പോള്‍ എന്നിവയാണ് ചരിത്രത്തിലും പ്രയോഗത്തിലും മാര്‍പാപ്പായുമായി പ്രത്യേകിച്ച് ബന്ധപ്പെട്ടിരിക്കുന്ന ഇവ പേപ്പല്‍ ബസലിക്കകള്‍ എന്നാണ് അറിയപ്പെടുന്നത്. മറ്റെല്ലാ ബസലിക്കകളും മൈനര്‍ ബസിലിക്കകളെന്നാണ് അറിയപ്പെടുന്നത്.