ഓട്ടവ : എംപി സ്ഥാനം രാജി വെക്കുകയാണെന്ന് പ്രഖ്യാപിച്ച് കാനഡയിലെ മുൻ നീതിന്യായ മന്ത്രി ഡേവിഡ് ലാമെറ്റി. ഈ മാസം അവസാനത്തോടെ എംപി സ്ഥാനം രാജി വെക്കുമെന്നും ശേഷം നിയമ സ്ഥാപനത്തിൽ ചേരുമെന്നും മോൺട്രിയലിൽ നിന്നുള്ള ലിബറൽ എംപി ഡേവിഡ് ലാമെറ്റി വ്യക്തമാക്കി.

എസ്എൻസി-ലാവലിൻ അഴിമതിയുടെ പശ്ചാത്തലത്തിൽ ലിബറൽ കോക്കസിൽ നിന്ന് രാജിവച്ച ജോഡി വിൽസൺ-റേബോൾഡിൽ നിന്ന് ചുമതലയേറ്റ അദ്ദേഹം 2019-ൽ കാനഡയിലെ നീതിന്യായ മന്ത്രിയും അറ്റോർണി ജനറലുമായി.
2015-ൽ ലാസല്ലെ-എമാർഡ്-വെർഡൂണിൽ നിന്നും ആദ്യമായി തെരഞ്ഞെടുക്കപെട്ട മക്ഗിൽ യൂണിവേഴ്‌സിറ്റി പ്രൊഫസറായ ലാമെറ്റി അന്താരാഷ്ട്ര വ്യാപാരം, നവീകരണം, ശാസ്ത്രം, സാമ്പത്തിക വികസനം എന്നിവയുടെ മന്ത്രിമാരുടെ പാർലമെൻ്ററി സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു.