സിനിമാപ്രേമികൾ ആകംശയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം അടുത്തമാസം 15-ന് തിയേറ്ററുകളിലെത്തും. തന്റെ എഫ് ബി പേജിലൂടെ മമ്മൂട്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ഭ്രമയുഗം ഏറെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിയുടെ ലുക്ക് തന്നെയാണ് അതിൽ പ്രധാന കാരണമായി പറയുന്നത്. തുടരെ ഹിറ്റ് ചിത്രങ്ങൾ സമ്മാനിക്കുന്ന മമ്മൂട്ടിയുടെ ഭ്രമയുഗത്തിലും ആരാധകർ പ്രതീക്ഷയിലാണ്. സിനിമയുടെ ടീസർ ഈ മാസം ആദ്യം പുറത്തിറങ്ങിയിരുന്നു. മമ്മൂട്ടിയുടെ ഗംഭീര കഥാപാത്രവും പ്രകടനവും ടീസർ അരക്കിട്ടുറപ്പിക്കുന്നുണ്ട്.
‘ഭൂതകാല’ത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തിൽ പ്രതിനായക വേഷമാണ് മമ്മൂട്ടിക്ക്. അർജുൻ അശോകനാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്. മലയാളം തമിഴ് കന്നഡ തെലുങ്ക് ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുക. സിനിമയൊരുങ്ങുന്നത് ബ്ലാക്ക് ആൻഡ് വൈറ്റിൽ ആണെന്നാണ് സൂചന. സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.