മാള എന്നത് ഒരു സ്ഥലപ്പേരാണ്. പക്ഷേ മലയാളിക്കത് നിഷ്കളങ്കമായ ചിരിയുടെ പേരാണ്. മലയാള സിനിമയിൽ ഹാസ്യത്തിന് തന്റെ പേരിലൊരു ഇടമുണ്ടാക്കിയ മാള അരവിന്ദൻ ഓർമയായിട്ട് ഇന്നേക്ക് ഒമ്പത് വർഷം. ശബ്ദത്തിലും ചലനത്തിലും മാള അരവിന്ദന്‍റെ ശൈലി ചിരിയോടു ചേർന്നുനിന്നു. പപ്പു, മാള, ജഗതി ഈ ത്രയമായിരുന്നു ഒരുകാലത്ത് മലയാളത്തിന്റെ ചിരി.

1968 ല്‍ സിനിമയിലെത്തിയ മാള അരവിന്ദന്‍ പിന്നീടുള്ള നാല് പതിറ്റാണ്ടുകളില്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി. എഴുപതുകളിലും എണ്‍പതുകളിലും അദ്ദേഹത്തെ പോലെ തിരക്കുള്ള സൂപ്പര്‍ താരങ്ങള്‍ വിരലിലെണ്ണാവുന്ന വിധം വിരളമായിരുന്നു. സെറ്റില്‍ നിന്ന് സെറ്റിലേക്കുള്ള യാത്രകള്‍ക്കിടയില്‍ പോലും അദ്ദേഹം എല്ലാവരോടും സൗമ്യനായി പെരുമാറി ജനകീയനായി. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരങ്ങള്‍ അദ്ദേഹത്തിനായി സെറ്റില്‍ കാത്തിരുന്നു. പ്രേം നസീര്‍, മധു തുടങ്ങിയ ആദ്യകാല നായകന്‍മാര്‍ക്കൊപ്പവും അദ്ദേഹം വെള്ളിത്തിരയിലെ ഇടം പങ്കിട്ടിട്ടുണ്ട്.
ഓരോ കഥാപാത്രങ്ങളിലും അദ്ദേഹം പുലർത്തിയ സൂക്ഷ്മത മലയാളത്തിൽ മാളയ്ക്ക് പകരക്കാരനില്ലാതാക്കി. സല്ലാപത്തിലെ ആശാരിയിലും മീശമാധവനിലെ മുള്ളാണി പപ്പനിലുമൊക്കെ നമ്മളത് കണ്ടതാണ്. നീണ്ട മുപ്പത്തഞ്ച് വർഷത്തിനിടെ അങ്ങനെ നിരവധി വേഷങ്ങൾ. നിസഹായതയിലും ചിരിസൃഷ്ടിക്കുന്നവയായിരുന്നു മാളയുടെ കഥാപാത്രങ്ങൾ. തബലയോടായിരുന്നു അരവിന്ദന്റെ പ്രണയം. അത് അദ്ദേഹത്തെ നാടകക്കാരനാക്കി.
കോട്ടയം നാഷണൽ തിയറ്ററിലും, നാടകശാലയിലും സൂര്യസോമയിലും അരവിന്ദൻ നിറഞ്ഞാടി. ചിരിക്കിടിയിൽ നെഞ്ചിൽ തീ കോരിയിട്ട ചില കഥാപാത്രങ്ങൾ, ഭൂതക്കണ്ണാടി, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ തുടങ്ങി കുറേയേറെ ചിത്രങ്ങൾ. അവസാനകാലത്ത് ഗോഡ് ഫോർ സെയിലിലൂടെയും ലാൽ ബഹദൂർ ശാസ്ത്രിയിലൂടെയും മാള തിരിച്ചുവരവറിയിച്ചു. നിസ്സഹായതയിലും നിശബ്ദതയിലും ചിരി സൃഷ്ടിക്കാൻ കഴിയുന്ന അപൂർവംചിലരിലൊരൊൾ, വെള്ളിത്തിരയിൽ നിന്ന് നടന്നകന്നിട്ടും മലയാളികള്‍ക്ക് മാളയെന്നാല്‍ ഇന്നും അരവിന്ദന്‍ തന്നെയാണ്.