ശതാബ്ദി ആഘോഷിക്കാനൊരുങ്ങി ടൊറൻ്റോയിലെ 18 കുട്ടികളുടെ അമ്മയായ വിൻസെല്ല. നിലവിൽ 99 വയസ്സുള്ള വിൻസെല്ലയ്ക്ക് ഫെബ്രുവരി 3-ന് 100 വയസ്സ് തികയും. “ഞാൻ ഇപ്പോഴും പൂർണ്ണ ആരോഗ്യവതിയാണ്, ഇപ്പോഴും പുറത്ത് ചുറ്റിക്കറങ്ങാൻ പോവാറുണ്ട്, എനിക്ക് ഇപ്പോഴും വായിക്കാനും ഇഷ്ടമുളളതെല്ലാം ചെയ്യാനും കഴിയും- വിൻസെല്ല പറഞ്ഞു. ഭർത്താവ് മരിച്ചതിനെത്തുടർന്ന് 1980-ലാണ് വിൻസെല്ല ജമൈക്കയിൽ നിന്നും കാനഡയിലേക്ക് താമസം മാറുന്നത്. അന്ന് മക്കളിൽ എട്ട് പേർക്ക് പ്രായം 18 വയസ്സിന് താഴെയായിരുന്നു. വിൻസെല്ലയുടെ ഇളയ മകനും മൂത്ത മകനും തമ്മിൽ 31 വയസ്സിൻ്റെ വ്യത്യാസമുണ്ട്.
എനിക്ക് ഒരു വലിയ കുടുംബം വേണ്ടായിരുന്നു, എന്നാൽ അത് സംഭവിച്ചു. രക്ഷാകർതൃത്വത്തിൻ്റെ താക്കോൽ കുട്ടികളെ നന്നായി പരിപാലിക്കുകയും ഒപ്പം അവർക്ക് നല്ല വിദ്യാഭ്യാസം നൽകുകയെന്നതുമാണ്. ദൈവത്തിന് നന്ദി, ഞാൻ അവരെ പരിപാലിച്ചു, ഇപ്പോൾ അവർ എന്നെ പരിപാലിക്കുന്നു – വിൻസെല്ല പറഞ്ഞു.
തൻ്റെ അമ്മ സ്കൂളിൽ പോകാൻ സഹായിക്കുകയും ബിരുദാനന്തര ബിരുദം മുതൽ ട്രേഡ് സ്കൂൾ വരെയുള്ള വിദ്യാഭ്യാസം നൽകിയെന്നും ഇതുവരെയും പട്ടിണിയാക്കിയിട്ടില്ലെന്നും വിൻസെല്ലയുടെ മക്കളിൽ ഒരാളായ അക്വലൈൻ ഡൌൺസ്വെൽ പറഞ്ഞു. തന്റെ ശതാബ്ദി 250 ആളുകളുമായി ആഘോഷിക്കാനാണ് വിൻസെല്ലയുടെ തീരുമാനം. ജന്മദിനാഘോഷത്തിനെത്തുന്ന സുഹൃത്തുക്കൾക്കായി വിൻസെല്ലഅത്താഴവിരുന്നും ഒരുക്കുന്നുണ്ട്.
അതേസമയം, നിലവിൽ രാജ്യത്താകമാനം ശതാബ്ദി ആഘോഷിക്കുന്നവരുടെ എണ്ണം ചുരുക്കമാണ്. കാനഡയിൽ നിന്നുള്ള ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്ക് അനുസരിച്ച് രാജ്യത്ത് ഏകദേശം 13,500 ശതാബ്ദികൾ മാത്രമാണുളളത്. ഇത് മുഴുവൻ കനേഡിയൻ ജനസംഖ്യയുടെ 0.03 ശതമാനമാണ്.