വൻകൂവർ : ഇന്ന് പുലർച്ചെ ബ്രിട്ടിഷ് കൊളംബിയ ബർണബിയിൽ രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും രണ്ടുപേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. പുലർച്ചെ മൂന്നരയോടെ ഹൈവേ 1-ൽ സ്‌പ്രോട്ട് സ്ട്രീറ്റ് എക്‌സിറ്റിന് സമീപമാണ് അപകടം ഉണ്ടായത്.
നാല് സ്ത്രീകൾ യാത്ര ചെയ്തിരുന്ന വെളുത്ത ടെസ്‌ല കാർ ഹൈവേയുടെ എക്സിറ്റ് റാംപിന് സമീപം ഒരു എസ്‌യുവിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ഒരു സ്ത്രീ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ബർണബി ആർസിഎംപി വക്താവ് മൈക്ക് കലഞ്ച് പറഞ്ഞു. ടെസ്‌ലയിലുണ്ടായിരുന്ന മറ്റു മൂന്ന് സ്ത്രീകളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. എസ്‌യുവിയുടെ ഡ്രൈവർക്ക് നിസ്സാര പരുക്കേറ്റതായി അധികൃതർ അറിയിച്ചു.

അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ആർസിഎംപി വക്താവ് അറിയിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 604-646-9999 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് മൗണ്ടീസ് അഭ്യർത്ഥിച്ചു.