റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് വേര്‍തിരിഞ്ഞ് ഈയിടെ വിപണിയില്‍ ലിസ്റ്റ് ചെയ്ത ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് വിപണി മൂല്യത്തില്‍ രണ്ട് ലക്ഷം കോടി പിന്നിട്ടു. ജഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ്, ഇന്ത്യന്‍ റെയില്‍വെ ഫിനാന്‍സ് കോര്‍പറേഷന്‍, വരുണ്‍ ബീവറേജസ് എന്നിവയെ മറികടക്കാന്‍ ജിയോക്കായി. വിപണിയിലെത്തി ചുരുങ്ങിയ കാലംകൊണ്ടാണ് കമ്പനി ഈ നേട്ടം സ്വന്തമാക്കിയത്.
വെള്ളിയാഴ്ചയിലെ വ്യാപാരത്തിനിടെ ജെഎഫ്എസിന്റെ ഓഹരി വിലയില്‍ 14.50 ശതമാനം കുതിപ്പുണ്ടായി. ഇതോടെ ബിഎസ്ഇയില്‍ ഓഹരി വില 347 രൂപയിലെത്തി. വിപണി മൂല്യമാകട്ടെ 2,10,325 കോടിയും.

ഇന്ത്യന്‍ റെയില്‍വെ ഫിനാന്‍സ് കോര്‍പറേഷന്റെ വിപണി മൂല്യം 2,01,516 കോടി രൂപയാണ്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിന്റേത് 2,04,712 കോടിയും ജെഎസ്ഡബ്ല്യു സ്റ്റീലിന്റേത് 2,01,982 കോടിയും വരുണ്‍ ബീവറേജസിന്റേത് 1,96,344 കോടി രൂപയുമാണ്. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിലവാര പ്രകാരം ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വിപണി മൂല്യം 1,92,536 കോടിയായിരുന്നു.
2024 തുടക്കത്തില്‍ മുതല്‍ ഇതുവരെ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി വിലയില്‍ 40 ശതമാനമാണ് കുതിപ്പുണ്ടായത്. പേടിഎമ്മിനെ ഏറ്റെടുക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടും ഓഹരിവിലയില്‍ കുതിപ്പ് തുടര്‍ന്നു.
ജിയോ ഫിനാന്‍സ് ലിമിറ്റഡ്, ജിയോ ഇന്‍ഷുറന്‍സ് ബ്രോക്കിങ് ലിമിറ്റഡ്, ജിയോ പേയ്‌മെന്റ് സൊലൂഷന്‍സ് ലിമിറ്റഡ്, ജിയോ പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡ് എന്നിങ്ങനെയുള്ള ഉപസ്ഥാപനങ്ങളിലൂടെ വ്യത്യസ്ത സാമ്പത്തിക സേവനങ്ങളാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് നല്‍കുന്നത്.
