ഓട്ടവ : ഈ ആഴ്ച കാനഡയിലെ ചില പ്രവിശ്യകളിൽ ശൈത്യകാലാവസ്ഥയ്ക്ക് അവസാനമാകുമെന്ന് പ്രതീക്ഷിക്കുമ്പോൾ മറ്റു പ്രവിശ്യകളിൽ 25 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷകർ.
ഒൻ്റാരിയോയുടെ ചില പ്രദേശങ്ങളിൽ അഞ്ച് മുതൽ 10 സെൻ്റീമീറ്റർ വരെ മഞ്ഞ് വീഴുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ തിങ്കളാഴ്ച രാവിലെ എൻവയൺമെന്റ് കാനഡ പ്രത്യേക മുന്നറിയിപ്പ് നൽകി. ആഴ്ച്ച മധ്യത്തോടെ ഒൻ്റാരിയോയിലും കെബെക്കിലും ശീതകാല കൊടുങ്കാറ്റ് പ്രതീക്ഷിക്കുന്നു. കൂടാതെ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. അതേസമയം വ്യാഴാഴ്ച താപനില കുറയുമെന്നും എൻവയൺമെന്റ് കാനഡ പ്രവചിക്കുന്നു.
ഏതാനും മണിക്കൂറുകൾക്കുള്ളിൽ താപനില 10 മുതൽ 12 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ കെബെക്കിൽ ഒരു ഫ്ലാഷ് ഫ്രീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രേരീസ്, ആൽബർട്ട
പടിഞ്ഞാറ്, ആൽബർട്ടയിലും പ്രേരീസിൻ്റെ മധ്യഭാഗങ്ങളിലും തണുത്ത താപനില പ്രതീക്ഷിക്കുന്നു. അവിടെ 10 മുതൽ 25 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച്ചയും മഞ്ഞുമഴയും ഉണ്ടാകും. ഇന്ന് ഉച്ചയോടെ മഞ്ഞുവീഴ്ച്ച അവസാനിക്കുമെന്നാണ് കാലാവസ്ഥാ ഏജൻസി പ്രവചനം. എന്നാൽ, ശക്തമായ കാറ്റ് തുടരുന്നതിനാൽ ബുധനാഴ്ച വരെ അതികഠിനമായ തണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ പ്രയറികളിൽ, താപനില മൈനസ് 45 മുതൽ മൈനസ് 50 ഡിഗ്രി സെൽഷ്യസ് വരെ എത്തും.
നോർത്തേൺ കാനഡ
ബ്രിട്ടിഷ് കൊളംബിയയിൽ 10 മുതൽ 15 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച്ചയും ശക്തമായ കാറ്റും ഉണ്ടാകും. ബി സി പർവതപാതകളിൽ ശീതകാല കൊടുങ്കാറ്റ് മുന്നറിയിപ്പുകൾ പ്രാബല്യത്തിലുണ്ട്.
തിങ്കളാഴ്ച രാവിലെ വരെ അറ്റ്ലാൻ്റിക് കാനഡ, നോർത്ത് വെസ്റ്റ് ടെറിറ്ററീസ്, യൂകോൺ എന്നിവിടങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. നൂനവൂട്ടിൽ അതിശീത മുന്നറിയിപ്പ് നിലവിലുണ്ട്, അവിടെ Resolute-ന് സമീപമുള്ള പ്രദേശത്ത് അതിശൈത്യ കാലാവസ്ഥാ പ്രതീക്ഷിക്കുന്നു.