അമേരിക്കയിലെ മിസോറിയിലെ സെന്റ് ലൂയിസില്‍ അജ്ഞാതരുടെ വെടിയേറ്റ് ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. കൊല്ലപ്പെട്ട നര്ത്തകന് അമര്‍നാഥ് ഘോഷി്റെ കുടുംബത്തോടും സുഹൃത്തുക്കളോടും കോണ്‍സുലേറ്റ് അഗാധമായ അനുശോചനം അറിയിച്ചു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് അനുശോചനം അറിയിച്ചത്.
‘മിസോറിയിലെ StLouis-ല്‍ അന്തരിച്ച അമര്‍നാഥ് ഘോഷിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും അഗാധമായ അനുശോചനം അറിയിക്കുന്നു. ഞങ്ങള്‍ ഫോറന്‍സിക്, പോലീസ് അന്വേഷണത്തിന് പിന്തുണ നല്‍കുന്നുണ്ട്,’ ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പറഞ്ഞു.

ചൊവ്വാഴ്ച വൈകുന്നേരമാണ് അമര്‍നാഥ് ഘോഷ് കൊല്ലപ്പെട്ടത്. ഘോഷിന്റെ സുഹൃത്തും ഇന്ത്യന്‍ ടെലിവിഷന്‍ അഭിനേതാവുമായ ദേവോലീന ഭട്ടാചാര്യയാണ് എക്സ് അക്കൗണ്ട് വഴി ഇക്കാര്യം വെളിപ്പെടുത്തിയത്. വൈകുന്നേരം നടക്കാനിറങ്ങിയ അമര്‍നാഥിനെ അജ്ഞാതന്‍ ഒന്നിലധികം തവണ വെടിവെക്കുകയായിരുന്നു. കൊല്‍ക്കത്ത സ്വദേിശിയായ അമര്‍നാഥ് പിഎച്ച്ഡി പഠനത്തിനായാണ് അമേരിക്കയില്‍ എത്തിയത്.
മൂന്ന് വര്‍ഷം മുന്‍പ് അമ്മ മരിച്ചതോടെ ഘോഷിന് ബന്ധുക്കളായി ആരും ഇല്ലെന്നും, ശത്രുക്കളായി ആരും ഉള്ളതായി അറിയില്ലെന്നും ദേവോലീന ഭട്ടാചാര്യ പറഞ്ഞിരുന്നു. കൂടാതെ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിദേശകാര്യ മന്ത്രിയുടെയും ഇടപെടലും ദേവോലീന ഭട്ടാചാര്യ എക്സ് പോസ്റ്റില്‍ ആവശ്യപ്പെ്ട്ടിരുന്നു.