വിനിപെഗ് : കഞ്ചാവ് വിൽപ്പനയിൽ വൻകുതിപ്പുമായി മാനിറ്റോബ. മുൻ വർഷത്തെ അപേക്ഷിച്ച് മാനിറ്റോബയിലെ കഞ്ചാവ് വിൽപ്പനയിൽ 15.8% വർധനയുണ്ടായതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട്. 2022/2023 സാമ്പത്തിക വർഷത്തിൽ കാനഡയിലുടനീളമുള്ള കഞ്ചാവ് വിൽപ്പനയുടെ 23% പ്രവിശ്യയിലാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്.
അതേസമയം ബിയർ വിൽപ്പനയിലെ ഇടിവിലും മാനിറ്റോബ മുന്നിലാണ്. മുൻവർഷത്തെ അപേക്ഷിച്ച് 2022/23 സാമ്പത്തിക വർഷത്തിൽ 6.7% ഇടിവാണ് ബിയർ വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്. നേരെമറിച്ച്, നൂനവൂട്ടാണ് ഏറ്റവും വലിയ വർധന രേഖപ്പെടുത്തിയത്. അവിടെ ബിയർ വിൽപ്പന 27% ഉയർന്നു.
ദേശീയതലത്തിൽ, മദ്യശാലകൾ, ഏജൻസികൾ, മറ്റ് റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവയുടെ മൊത്തം ബിയർ വിൽപ്പനയുടെ മൂല്യം കഴിഞ്ഞ സാമ്പത്തിക വർഷം 4.1% വർധിച്ച് 930 കോടി ഡോളറിലെത്തി. നാല് വർഷത്തിനിടയിലെ ആദ്യത്തെ വർധനയാണിത്. കാനഡയിലുടനീളമുള്ള വൈൻ വിൽപ്പന മൂന്ന് ശതമാനം ഇടിഞ്ഞ് 500 ദശലക്ഷം ലിറ്ററായി. ഇത് 18 വയസും അതിൽ കൂടുതലുമുള്ള ഒരാൾക്ക് ആഴ്ചയിൽ 2.2 സ്റ്റാൻഡേർഡ് ഗ്ലാസ് വീഞ്ഞിന് തുല്യമാണ്. തുടർച്ചയായ രണ്ടാം വർഷമാണ് രാജ്യത്ത് വൈൻ വിൽപ്പന കുറയുന്നത്.
മുൻവർഷത്തേക്കാൾ 2.5% വർധനയിൽ കഴിഞ്ഞ സാമ്പത്തിക വർഷം മദ്യത്തിൻ്റെയും വിനോദ കഞ്ചാവിൻ്റെയും വിൽപ്പനയിൽ നിന്ന് ഫെഡറൽ, പ്രവിശ്യാ ഗവൺമെൻ്റുകൾ 1,550 കോടി ഡോളർ സമാഹരിച്ചു. 2022 മാർച്ച് മുതൽ 2023 മാർച്ച് വരെ ലഹരിപാനീയങ്ങളുടെ വില 5.9% ഉയർന്നതാണ് ഈ റെക്കോർഡ് വരുമാനത്തിന് കാരണമെന്ന് ഫെഡറൽ ഏജൻസി വെളിപ്പെടുത്തി.