ഓട്ടവ : ഉയരുന്ന പണപ്പെരുപ്പത്തിനും ജീവിതച്ചെലവുകൾക്കും ഒപ്പം കാനഡയിലെ ഓരോ പ്രവിശ്യകളും പ്രദേശങ്ങളും മിനിമം വേതന വർധന നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. ഏപ്രിൽ 1 മുതൽ തൊഴിലാളികളുടെ മിനിമം വേതനം 65 സെൻറ് അല്ലെങ്കിൽ മണിക്കൂറിന് ഏകദേശം 17.30 ഡോളർ ആയി വർധിപ്പിക്കുമെന്ന് ഈ വർഷം ആദ്യം, ഫെഡറൽ ഗവൺമെൻ്റ് പ്രഖ്യാപിച്ചു.
രാജ്യാന്തര, അന്തർപ്രവിശ്യ ഗതാഗതം, ടെലികമ്മ്യൂണിക്കേഷൻ, ബാങ്കിംഗ്, അതുപോലെ തപാൽ, കൊറിയർ സേവനങ്ങൾ തുടങ്ങിയ ഫെഡറൽ നിയന്ത്രിത വ്യവസായങ്ങളിലെ തൊഴിലാളികളുടെ മിനിമം വേതനത്തിൽ വർധന ഉണ്ടാകും. കാനഡയുടെ ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയാണ് മിനിമം വേതനം നിശ്ചയിക്കുക. 2022-ലെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കി കാനഡയിലെ നിലവിലെ ഫെഡറൽ മിനിമം വേതനം മണിക്കൂറിന് 16.65 ഡോളറാണ്.
എല്ലാ പ്രവിശ്യകളുടെയും പ്രദേശങ്ങളുടെയും മിനിമം വേതനം പരിശോധിക്കാം :
നൂനവൂട്ട്
നൂനവൂട്ട് സർക്കാർ ഇതിനകം തന്നെ മിനിമം വേതനം മണിക്കൂറിന് 16.00 ഡോളറിൽ നിന്ന് 19.00 ഡോളർ ആയി ഉയർത്തിയിട്ടുണ്ട്. ജനുവരി ഒന്നിന് പ്രാബല്യത്തിൽ വന്ന ഈ മിനിമം വേതനം ഔദ്യോഗികമായി കാനഡയിലെ ഏറ്റവും ഉയർന്ന നിരക്കാണ്.
നോവസ്കോഷ
നിലവിലെ പണപ്പെരുപ്പ നിരക്ക് അനുസരിച്ച്, പ്രവിശ്യയിൽ ഏപ്രിൽ ഒന്ന് മുതൽ മണിക്കൂറിന് 15 ഡോളർ മുതൽ 15.60 ഡോളർ വരെ വേതന വർധന പ്രതീക്ഷിക്കാം.
പ്രിൻസ് എഡ്വേഡ് ഐലൻഡ്
പ്രിൻസ് എഡ്വേഡ് ഐലൻഡിലെ മിനിമം വേതനം ഏപ്രിൽ ഒന്നിന് മണിക്കൂറിന് 15.40 ഡോളറായി ഉയർത്താൻ പദ്ധതിയിട്ടിട്ടുണ്ട്. കൂടാതെ, 2024 ഒക്ടോബർ 1-ന് മിനിമം വേതനം മണിക്കൂറിന് 16 ഡോളറായി വർധിക്കും.
ന്യൂബ്രൺസ് വിക്
പ്രവിശ്യയിലെ മിനിമം വേതനം മണിക്കൂറിന് 14.75 ഡോളറാണ്. ന്യൂബ്രൺസ് വിക്കിലെ പുതിയ മിനിമം വേതനം ഏപ്രിൽ 1-ന് മണിക്കൂറിന് 15 ഡോളറായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു.
ഒന്റാരിയോ
ഒൻ്റാരിയോ സർക്കാർ ഏപ്രിൽ 1-നോ അതിനു മുമ്പോ വർധിപ്പിച്ച മിനിമം വേതന തുക പ്രഖ്യാപിക്കും. എന്നാൽ, പുതിയ മിനിമം വേതനം ഏപ്രിൽ 1-ന് പ്രഖ്യാപിക്കുമെങ്കിലും യഥാർത്ഥത്തിൽ ഒക്ടോബർ 1-ന് മാത്രമായിരിക്കും പ്രാബല്യത്തിൽ വരിക. ചുരുങ്ങിയത് ഒരു ഡോളർ വർധന മിനിമം വേതനത്തിൽ പ്രതീക്ഷിക്കുന്നു. ഇതോടെ ഒൻ്റാരിയോയിലെ മിനിമം വേതനം മണിക്കൂറിൽ 17.55 ഡോളറാകും.
യൂകോൺ
വാർഷിക പണപ്പെരുപ്പ നിരക്കിനെ അടിസ്ഥാനമാക്കി യൂകോണും ഏപ്രിൽ 1-ന് മിനിമം വേതനം ഉയർത്തും. യൂകോണിൽ ഇപ്പോൾ മണിക്കൂറിന് 16.77 ഡോളർ എന്ന മിനിമം വേതനം ഉണ്ട്, ഇത് ഏപ്രിൽ 1-ന് മണിക്കൂറിന് 17.62 ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
മാനിറ്റോബ
പ്രവിശ്യയിൽ ഒക്ടോബർ ഒന്നിന് മിനിമം വേതന വർധന നടപ്പിലാക്കും. നിലവിൽ, പ്രവിശ്യയിലെ മിനിമം വേതനം മണിക്കൂറിന് 15.30 ഡോളറാണ്. ഉയരുന്ന പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തിൽ ഇത് 16 ഡോളറായി ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു.
സസ്കാച്വാൻ
വാർഷിക പണപ്പെരുപ്പ നിരക്കിനെ അടിസ്ഥാനമാക്കി സസ്കാച്വാനിൽ ഒക്ടോബർ ഒന്നിന് മിനിമം വേതന വർധന നടപ്പിലാക്കും. നിലവിൽ സസ്കാച്വാനിൽ 14 ഡോളറാണ് മിനിമം വേതനം. ഇത് ഒക്ടോബര് ഒന്നിന് 15 ഡോളറായി ഉയരും.
ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ
2023-ൽ ചെയ്തതുപോലെ ഉപഭോക്തൃ വില സൂചികയ്ക്ക് (സിപിഐ) അനുസൃതമായി ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിൽ ഒക്ടോബർ ഒന്നിന് 15 ഡോളറിൽ നിന്നും 15.50 ഡോളറായി മിനിമം വേതനം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആൽബർട്ട
ആൽബർട്ടയിൽ നിലവിൽ 15 ഡോളറാണ് മിനിമം വേതനം. പ്രവിശ്യയിലെ മിനിമം വേതന വർധന പിന്നീട് പ്രഖ്യാപിക്കും.
ബ്രിട്ടിഷ് കൊളംബിയ
പണപ്പെരുപ്പത്തിന് അനുസരിച്ച് ബ്രിട്ടിഷ് കൊളംബിയയിൽ ജൂൺ ഒന്നിന് മിനിമം വേതനം പരിഷ്കരിക്കും. നിലവിൽ പ്രവിശ്യയിൽ 16.75 ഡോളറാണ് കുറഞ്ഞ വേതനം. ഇത് ജൂൺ ഒന്നോടെ 17.75 ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
കെബെക്ക്
പ്രവിശ്യയിൽ മെയ് ഒന്ന് മുതൽ മിനിമം വേതനത്തിൽ വർധന പ്രതീക്ഷിക്കാം. നിലവിലെ 15.25 ഡോളറിൽ നിന്നും 16.25 ഡോളർ ആയി ആയിരിക്കും മിനിമം വേതന വർധന നടപ്പിലാക്കുക.
നോർത്ത് വെസ്റ്റ് ടെറിറ്ററീസ്
നോർത്ത് വെസ്റ്റ് ടെറിറ്ററീസിൽ സെപ്റ്റംബർ ഒന്നിന് മിനിമം വേതനം 17 ഡോളറായി ഉയർത്താൻ പദ്ധതിയിട്ടിട്ടുണ്ട്. നിലവിൽ 16.05 ഡോളറാണ് നോർത്ത് വെസ്റ്റ് ടെറിറ്ററീസിലെ മിനിമം വേതനം.