ഓട്ടവ : ഈ മാസത്തെ മൂന്നാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 1,980 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. ഈ പൊതുനറുക്കെടുപ്പിൽ 524 എന്ന മിനിമം കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്.
മാർച്ച് 12, 13 തീയതികളിൽ നടന്ന രണ്ട് എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിന് ശേഷമാണ് ഇന്ന് പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നടന്നത്. മാർച്ച് 12-ന് നടന്ന പൊതുനറുക്കെടുപ്പിലൂടെ 525 എന്ന മിനിമം CRS ഉള്ള 2,850 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ പൊതു നറുക്കെടുപ്പ് സ്കോറായിരുന്നു ഇത്.
മാർച്ച് 13-ലെ നറുക്കെടുപ്പ് ട്രാൻസ്പോർട്ട് ജോലികളിലെ എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്കുള്ള കാറ്റഗറി അടിസ്ഥാനത്തിലുള്ള സെലക്ഷൻ നറുക്കെടുപ്പായിരുന്നു. 430 CRS ഉള്ള 975 ഉദ്യോഗാർത്ഥികൾക്കാണ് 2023 ഡിസംബർ 20ന് ശേഷമുള്ള ആദ്യ ട്രാൻസ്പോർട്ട് ജോലികളിലെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ ഇൻവിറ്റേഷൻ നൽകിയത്.