വാഷിങ്ടണ്‍ : അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍ കപ്പലിലുണ്ടായിരുന്ന ഇന്ത്യന്‍ ജീവനക്കാരെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. കൃത്യമായി ‘മെയ് ഡേ’ മുന്നറിയിപ്പ് നല്‍കിയതിനാണ് ബൈഡന് ഇന്ത്യന്‍ ജീവനക്കാരെ അഭിനന്ദിച്ചത്. മുന്നറിയിപ്പ് ലഭിച്ചതുകാരണം നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
‘കപ്പലിന്റെ നിയന്ത്രണം നഷ്ടമായി എന്ന് തിരിച്ചറിഞ്ഞ ഉടന്‍ വിവരം മെറിലാന്‍ഡ് ഗതാഗത വകുപ്പിനെ അറിയിക്കാന്‍ കപ്പലിലുണ്ടായിരുന്ന ജീവനക്കാര്‍ക്ക് കഴിഞ്ഞു. അതിന്റെ ഫലമായി കപ്പലിടിക്കുന്നതിന് മുമ്പായി പാലം അടയ്ക്കാനും ഗതാഗതം നിര്‍ത്തിവയ്ക്കാനും ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞു. ഇത് നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സഹായിച്ചുവെന്ന കാര്യത്തില്‍ സംശയമില്ല.’ -ജോ ബൈഡന് പറഞ്ഞു.
‘അപകടത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. എങ്കിലും കപ്പലിലുണ്ടായിരുന്ന ജീവനക്കാരോട് നന്ദി പറയാതിരിക്കാന്‍ എനിക്ക് കഴിയില്ല. അവിടെയൊരു ‘മെയ് ഡേ’ സാഹചര്യം ഉണ്ടെന്ന മുന്നറിയിപ്പ് കപ്പലില്‍ നിന്ന് ലഭിച്ച ഉടന്‍ ഞങ്ങള്‍ക്ക് പാലത്തിലേക്ക് കാറുകള്‍ പ്രവേശിക്കുന്നത് തടയാന്‍ സാധിച്ചു. ഇവര്‍ ‘ഹീറോകള്‍’ ആണ്. കഴിഞ്ഞ രാത്രി അവര്‍ സംരക്ഷിച്ചത് നിരവധി ജീവനുകളാണ്.’ -വെസ് മൂര്‍ പറഞ്ഞു.