ഓട്ടവ : ഈസ്റ്റർ വാരാന്ത്യത്തിൽ കാനഡയുടെ ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും കനത്ത മഴയും പ്രതീക്ഷിക്കുന്നതിനാൽ പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകി.
10 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്ന മാനിറ്റോബയിലും സസ്കാച്വാനിലും മഞ്ഞുവീഴ്ച്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് പുലർച്ചെ ആരംഭിക്കുന്ന മഞ്ഞുവീഴ്ച്ച രാത്രിയോടെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി എൻവയൺമെന്റ് കാനഡ അറിയിച്ചു. മോന്റനയിൽ നിന്നുള്ള ന്യൂനമർദം പ്രവിശ്യകളുടെ തെക്കൻ ഭാഗങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നു.
അറ്റ്ലാൻ്റിക് കാനഡയിൽ വ്യാഴാഴ്ച ആരംഭിച്ച കനത്ത മഴ ചില പ്രദേശങ്ങളിൽ തുടരുമെന്നും 90 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു. ന്യൂബ്രൺസ് വിക്കിൽ വെള്ളിയാഴ്ച മുതൽ ശനിയാഴ്ച വരെ 25 മുതൽ 50 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പ്രവിശ്യയുടെ പടിഞ്ഞാറൻ മേഖലകളിൽ വെള്ളിയാഴ്ച രാത്രിയും കിഴക്കൻ മേഖലകളിൽ ശനിയാഴ്ച രാവിലെയും മഞ്ഞുമഴ പെയ്യുമെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു. കനത്ത മഴ വെള്ളപ്പൊക്കത്തിനും റോഡുകളിൽ വെള്ളക്കെട്ടുകൾക്കും കാരണമാകുമെന്നും മുന്നറിയിപ്പ് നൽകി. അതേസമയം പടിഞ്ഞാറൻ, മധ്യ ന്യൂബ്രൺസ് വിക്കിലെ ചില പ്രദേശങ്ങളിൽ അഞ്ച് മുതൽ 10 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയും മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയുള്ള കാറ്റും ഉണ്ടാകുമെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിൽ 40 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നാണ് പ്രവചനം. ശനിയാഴ്ച രാവിലെയോടെ നോവസ്കോഷയുടെ ചില ഭാഗങ്ങളിൽ 50 മില്ലിമീറ്റർ വരെ മഴ പെയ്യാം. ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ 10 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രിൻസ് എഡ്വേഡ് ഐലൻഡിലെ പ്രിൻസ് കൗണ്ടിയും മഴ മുന്നറിയിപ്പിന് കീഴിലാണ്. ഇവിടെ ശനിയാഴ്ച രാവിലെയോടെ 50 മുതൽ 70 മില്ലിമീറ്റർ വരെ മഴ പ്രതീക്ഷിക്കുന്നു. കെബെക്കിൽ വാരാന്ത്യത്തിൻ്റെ തുടക്കത്തിൽ ചില പ്രദേശങ്ങളിൽ, 25 മുതൽ 60 മില്ലിമീറ്റർ വരെ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നു. മഴയ്ക്കൊപ്പം മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് എൻവയൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. 20 മുതൽ 30 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്ന ഫെർമോണ്ട്, മതാനെ മേഖലകളിൽ മഞ്ഞുവീഴ്ച മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്ന നൂനവൂട്ടിലെ സനിരാജക് മേഖലയിൽ മൂടൽമഞ്ഞ് മുന്നറിയിപ്പ് നൽകി. ഈ പ്രദേശത്ത് വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച്ച രാവിലെ വരെ ദൃശ്യപരത പൂജ്യമായി കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.