ടൊറൻ്റോ : കരാർ ചർച്ചകൾ പരിഹാരമാകാതെ നീണ്ടു പോകുന്ന സാഹചര്യത്തിൽ പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്ത് കാനഡയിലെ രണ്ട് വലിയ റെയിൽവേകളിലെ ജീവനക്കാർ. പണിമുടക്കിന് അനുകൂലമായി 97 ശതമാനത്തിലധികം അംഗങ്ങൾ വോട്ട് ചെയ്തതായി കനേഡിയൻ നാഷണൽ റെയിൽവേ കമ്പനി, കനേഡിയൻ പസഫിക് കൻസാസ് സിറ്റി ലിമിറ്റഡ് എന്നിവയിലെ ഏകദേശം 9,300 ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ അറിയിച്ചു.
ഇരുപക്ഷവും തമ്മിൽ കരാറിൽ എത്താത്ത സാഹചര്യത്തിൽ മെയ് 22-ന് പണിമുടക്ക് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജീവനക്കാർക്ക് ആവശ്യമായ സുരക്ഷയും വിശ്രമസമയവും ലഭിക്കുന്നില്ലെന്നും വേതന വർധന അടക്കമുള്ള കാര്യങ്ങളിൽ റെയിൽവേ കമ്പനികൾ പിന്നോട്ട് പോവുകയാണെന്നും ടീംസ്റ്റേഴ്സ് കാനഡ റെയിൽ കോൺഫറൻസ് പ്രസിഡൻ്റ് പോൾ ബൗച്ചർ ആരോപിക്കുന്നു. CN, CPKC ജീവനക്കാർ ഒരുമിച്ച് പണിമുടക്കുന്നത് വിതരണ ശൃംഖലയിലെ തടസ്സത്തിന് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം തൊഴിലാളികൾക്ക് വലിയ ആനുകൂല്യങ്ങൾ നൽകുന്ന രണ്ട് കരാറുകൾ തങ്ങൾ അവതരിപ്പിച്ചതായി CPKC വക്താവ് പറയുന്നു. ജീവനക്കാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.