ടൊറൻ്റോ : ഫുട്ബോൾ ആരാധകരെ ആവേശ കൊടുമുടിയിലെത്തിക്കുന്ന മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ഓഷവ. കാനഡ ഈസ്റ്റേൺ റീജനിലെ ദേവലായങ്ങളെ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ഇന്റർ ചർച്ച് സോക്കർ ടൂർണമെൻ്റ് മേയ് 11-ന് ഓഷവയിലെ സിവിക് റിക്രിയേഷൻ സെന്ററിൽ നടക്കും. മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ നോർത്ത് അമേരിക്ക അതിഭദ്രാസനത്തിനു കീഴിലുള്ള സ്കാർബ്റോ ജറുസലേം മർത്തമറിയം സുറിയാനി പളളി യൂത്ത് അസോസിയേഷനാണ് ടൂർണമെൻ്റ് സംഘടിപ്പിക്കുന്നത്. രാവിലെ ഒമ്പത് മണിക്ക് ടൂർണമെൻ്റ് ഉദ്ഘാടനം.
ടൂർണമെൻ്റിന് മുന്നോടിയായി ലോഗോ പ്രകാശനം നടന്നു. ഫാ. മാത്യു അരീക്കൽ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ ടൂർണമെൻ്റിന്റെ മുഖ്യ സ്പോൺസർ എൽദോ ചെറിയാന് (ഹോം ലൈഫ് ഗാലക്സി റിയലറ്റർ) നൽകി വികാരി ഫാ. വി വി പൗലൂസ് ലോഗോ പ്രകാശനം നിർവ്വഹിച്ചു. ചടങ്ങിൽ പള്ളി സെക്രട്ടറി ഐറിൻ സൂസൻ ബേബി, ട്രസ്റ്റി വിനു ജോയി, യൂത്ത് അസോസിയേഷൻ സെക്രട്ടറി ബിനുമോൻ ജോയി, ട്രസ്റ്റി ബേസിൽ മോട്ടി എന്നിവർ പങ്കെടുത്തു.