പുതിയ സർവേ പ്രകാരം മിസ്സിസാഗയിലെ മേയർ തെരഞ്ഞെടുപ്പിൽ മുൻ കൗൺസിലർ കരോലിൻ പാരിഷ് എതിരാളികളേക്കാൾ ഏറെ മുന്നിലാണെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച പുറത്തിറക്കിയ സർവേ പ്രകാരം, 37 % പിന്തുണയാണ് പാരിഷിനുള്ളത്. കൗൺസിലറും മുൻ എംപിപിയുമായ ദീപിക ദമെർലയെക്ക് 20 % പിന്തുണയും ആൽവിൻ ടെഡ്ജോക്ക് 17 % പിന്തുണയുമാണ് ഉള്ളത്. മുൻ മേയർ ബോണി ക്രോംബിയുടെ മുൻ ഭർത്താവ് ബ്രയാൻ ക്രോംബിക്ക് 7 % പിന്തുണയുണ്ട്. മുൻ ദീർഘകാല മേയർ ഹേസൽ മക്കലിയോണിൻ്റെ മകൻ പീറ്റർ മക്കാലിയൻ മത്സരത്തിൽ നിന്ന് പിന്മാറുകയും പാരിഷിന് പിന്തുണ നൽകുകയും ചെയ്തു.
നാഷണൽ എത്നിക് പ്രസ് ആൻഡ് മീഡിയ കൗൺസിൽ ഓഫ് കാനഡയ്ക്ക് (NEPMCC) വേണ്ടി ലെയ്സൺ സ്ട്രാറ്റജീസാണ് സർവേ നടത്തിയത്.
ഏപ്രിൽ 29 മുതൽ 30 വരെയായിരുന്നു സർവേ. 907 മിസ്സിസാഗ നിവാസികളിൽ ഇൻ്ററാക്ടീവ് വോയ്സ് റെസ്പോൺസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നേരിട്ട് സർവേ നടത്താൻ ഇത് സഹായിച്ചു.
ജൂൺ പത്തിനാണ് മിസ്സിസായിൽ പുതിയ മേയർക്കായുള്ള തെരഞ്ഞെടുപ്പ് നടക്കുക. ഒൻ്റാരിയോ ലിബറൽ പാർട്ടിയുടെ നേതാവാകാൻ മുൻ മേയർ ബോണി ക്രോംബി സ്ഥാനമൊഴിഞ്ഞതാണ് പുതിയ തിരഞ്ഞെടുപ്പിന് തുടക്കമിട്ടത്.