ടൊറൻ്റോ : പ്രശസ്ത കനേഡിയൻ സാഹിത്യകാരിയും നോബേൽ ജേതാവുമായ ആലിസ് മൺറോ (92) അന്തരിച്ചു. ഒൻ്റാരിയോ പോർട്ട് ഹോപ്പിലെ വീട്ടിൽ തിങ്കളാഴ്ചയായിരുന്നു അന്ത്യം. കാനഡയിലെ സാധാരണക്കാരുടെ കഥകളിലൂടെ കനേഡിയൻ ചെക്കോവ് എന്ന വിശേഷണം നേടിയെടുത്ത ആലിസ് മൺറോ 2013-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനവും നേടി.
1968-ല്‍ പുറത്തിറങ്ങിയ ഡാന്‍സ് ഓഫ് ദി ഹാപ്പി ഷെയ്ഡ്സ് എന്ന ചെറുകഥാ സമാഹാരമാണ് ആദ്യമായി പുറത്തിറങ്ങിയ പുസ്തകം. മാൻ ബുക്കർ ഇൻ്റർനാഷണൽ പ്രൈസ്, കോമൺവെൽത്ത് റൈറ്റേഴ്സ് പ്രൈസ്, ഗവർണർ ജനറലിൻ്റെ ലിറ്റററി അവാർഡുകൾ തുടങ്ങി നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കി. ഡാൻസ് ഓഫ് ദി ഹാപ്പി ഷെയ്ഡ്സ് (1968), ലിവ്സ് ഓഫ് ഗേൾസ് ആൻഡ് വുമൺ (1971), ഹൂ ഡു യു തിങ്ക് യു ആർ? (1978), ദി മൂൺസ് ഓഫ് ജൂപ്പിറ്റർ (1982), റണ്ണവേ (2004), ദി വ്യൂ ഫ്രം കാസിൽ റോക്ക് (2006), റ്റൂ മച്ച് ഹാപ്പിനെസ് (2009) എന്നിവയാണ് ആലിസ് മൺറോയുടെ പ്രധാന കൃതികൾ.