ഓട്ടവ : ഈ ആഴ്ച കാനഡയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഈർപ്പം നിറഞ്ഞതും മേഘാവൃതവുമായ കാലാവസ്ഥയായിരിക്കുമെന്ന് എൻവയൺമെൻ്റ് കാനഡ പ്രവചനം. വടക്കൻ കാനഡയിൽ നിന്നുള്ള തണുത്ത വായു പ്രവാഹം ഒൻ്റാരിയോയിലുടനീളം താപനില കുറയുന്നതിന് കാരണമായി. വടക്കൻ ഒൻ്റാരിയോയുടെ ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ച്ച മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ട്. ടിമ്മിൻസ്, കിർക്ലാൻഡ് ലേക്ക്, ചാപ്ലോ എന്നിവയുൾപ്പെടെ വടക്കൻ ഒൻ്റാരിയോയിൽ ചൊവ്വാഴ്ച പുലർച്ചെ താപനില പൂജ്യത്തിന് അടുത്തേക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ ഏജൻസി അറിയിച്ചു.
ഒൻ്റാരിയോയിലെ നോർത്ത് ബേയിലും ഗ്രേറ്റ് ലേക്സ് മേഖലയിലും ഇന്നും നാളെയും മഴ പെയ്യാൻ സാധ്യത ഉണ്ടെന്നും ഫെഡറൽ ഏജൻസി മുന്നറിയിപ്പ് നൽകി. മൺട്രിയോളിലും ഇന്ന് ഉച്ചകഴിഞ്ഞ് മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം ന്യൂബ്രൺസ് വിക്കിലെ ഫ്രെഡറിക്ടൺ പോലുള്ള സ്ഥലങ്ങളിൽ ബുധനാഴ്ചയോടെ താപനില 26 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത ഉണ്ട്. അടുത്ത രണ്ട് ദിവസം മാരിടൈംസ് പ്രവിശ്യകളിൽ താപനില ഉയരുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. ബുധനാഴ്ച രാത്രി മുതൽ വ്യാഴം വരെ ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
പടിഞ്ഞാറ്, മധ്യ, തെക്കൻ ആൽബർട്ട, സസ്കാച്വാൻ എന്നിവിടങ്ങളിൽ ശക്തമായ ഇടിമിന്നൽ പ്രതീക്ഷിക്കുന്നു. കൂടാതെ ശക്തമായ മഴ, കാറ്റ്, ആലിപ്പഴം വീഴുന്നതിനും സാഹചര്യം അനുകൂലമാണെന്ന് എൻവയൺമെൻ്റ് കാനഡ അറിയിച്ചു. കാൽഗറിയുടെ കിഴക്ക്, ഹന്ന, കൊറോണേഷൻ, ഡ്രംഹെല്ലർ എന്നിവയ്ക്ക് സമീപം ഫണൽ മേഘങ്ങൾ പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ ഏജൻസി അറിയിച്ചു.