ഓട്ടവ : കാനഡയിലെ മിക്ക പ്രദേശങ്ങളിലും തണുത്ത കാലാവസ്ഥ പ്രവചിച്ച് എൻവയൺമെൻ്റ് കാനഡ. ചൊവ്വാഴ്ച ആൽബർട്ടയിൽ കൊടുങ്കാറ്റിനുള്ള സാധ്യത കൂടുതലാണെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. റെഡ് ഡിയർ മേഖലയിൽ ശക്തമായ ആലിപ്പഴം വീഴ്ച്ചയ്ക്ക് സാധ്യത ഉണ്ട്. തെക്കൻ ആൽബർട്ടയിൽ, ശക്തമായ കൊടുങ്കാറ്റ് വീശിയടിക്കും.
അതേസമയം സസ്കാച്വാനിൽ താപനില ഉയരും. ഞായറാഴ്ച രാവിലെ റെക്കോർഡ് താഴ്ന്ന നിലയിലെത്തിയ താപനില ഇന്ന് ഉച്ചകഴിഞ്ഞ് 20 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടും. ചൊവ്വാഴ്ച തെക്കൻ മാനിറ്റോബയിൽ ചെറിയ തോതിലുള്ള ഇടിമിന്നലിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.
ഒൻ്റാരിയോ, കെബെക്ക്
ഒൻ്റാരിയോയിലും കെബെകിലും ജൂണിലെ ആദ്യ 10 ദിവസങ്ങളിൽ മാസത്തെ പകുതിയിലധികം മഴ ലഭിച്ചതായി എൻവയൺമെൻ്റ് കാനഡ പറയുന്നു. ഓട്ടവയിലും മൺട്രിയോളിലും ഇതുവരെ, യഥാക്രമം 64.4 മില്ലീമീറ്ററും 39.9 മില്ലീമീറ്ററും മഴ ലഭിച്ചു. ടൊറൻ്റോയിൽ 21.9 മില്ലിമീറ്ററിൽ താഴെയാണ് മഴ ലഭിച്ചത്. നഗരത്തിലെ താപനില ഇപ്പോഴും സീസണിൽ താഴെയാണ്. എന്നാൽ, ബുധനാഴ്ച മുതൽ ടൊറൻ്റോയിൽ താപനില ഉയരും. ചൊവ്വാഴ്ച വടക്കുപടിഞ്ഞാറൻ ഒൻ്റാരിയോയിൽ ഇടിമിന്നലിനുള്ള ചെറിയ സാധ്യത പ്രതീക്ഷിക്കുന്നു.
അറ്റ്ലാൻ്റിക് കാനഡ
ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലെ സെൻ്റ് ജോൺസിൽ ഇന്ന് താപനില 20 ഡിഗ്രി സെൽഷ്യസായിരിക്കും. ചൂട് വ്യാഴാഴ്ച വരെ തുടരും.