ഫ്രെഡറിക്ടൺ : ന്യൂബ്രൺസ് വിക്കിലെ ഗിബ്സൺ വെള്ളച്ചാട്ടത്തിൽ പാറക്കെട്ടിൽ നിന്നും വീണ് രണ്ട് ഇന്ത്യൻ പൗരന്മാർ മരിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ എൽജിനിലെ റിവർ റോഡിന് സമീപമുള്ള ഗിബ്സൺ വെള്ളച്ചാട്ടത്തിൽ രണ്ടു യുവാക്കൾ വീണതായി വിവരം ലഭിച്ചതായി കാലിഡോണിയ ആർസിഎംപി റിപ്പോർട്ട് ലഭിച്ചു.
സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ നദിയിൽ നിന്നും 21 വയസ്സുള്ള ഒരാളെ കണ്ടെത്തി. ഗുരുതരമായി പരുക്കേറ്റ യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി ആർസിഎംപി സ്ഥിരീകരിച്ചു. 24 വയസ്സുള്ള രണ്ടാമത്തെ യുവാവിനായുള്ള തിരച്ചിൽ തുടർന്നെങ്കിലും RCMP യുടെ അണ്ടർവാട്ടർ റിക്കവറി ടീമിൻ്റെ സഹായത്തോടെ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. പാറയിൽ നിന്ന് വീണതിനെ തുടർന്നുള്ള പരുക്കുകൾ മൂലം രണ്ടാമത്തെ യുവാവും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഇരുവരുടെയും കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
സസെക്സ്, പെറ്റിറ്റ്കോഡിയാക് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും ആർസിഎംപിയും ആംബുലൻസ് ന്യൂബ്രൺസ് വിക്കും രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും നേതൃത്വം നൽകി.