കുവൈത്ത് ദുരന്തത്തില്‍ മരിച്ച സ്റ്റെഫിന്റെയും ശ്രീഹരിയുടെയും ഷിബുവിന്റെയും സംസ്കാരം പിന്നീട് നടക്കും. കോട്ടയം സ്വദേശികളായ മൂന്നുപേരുടെ മൃദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സ്റ്റെഫിന് എബ്രഹാം സാബുവിന്റെ സംസ്കാരം തിങ്കളാഴ്ച നടക്കും. ഷിബു വര്‍ഗീസ്, ശ്രീഹരി പ്രദീപ് എന്നിവരുടെ സംസ്കാരം ഞായറാഴ്ചയാണ്.
വിമാനത്താവളത്തില്‍ നിന്ന് മൂന്നു പേരുടെയും മൃതദേഹം നേരെ മോര്‍ച്ചറിയിലേക്കാണ് എത്തിച്ചത്. പാമ്പാടി സ്വദേശി സ്റ്റെഫിന് എബ്രഹാം സാബുവിന്റെ മൃതദേഹം മാങ്ങാനം മന്ദിരം ആശുപത്രിയിലും ശ്രീഹരിയുടെ മൃതദേഹം തുരുത്തിയിലെ ആശുപത്രിയിലും ഷിബു വര്‍ഗീസിന്റെത് തിരുവല്ലയിലും ആണ് സൂക്ഷിച്ചിരിക്കുന്നത്. അതിവൈകാരികമായാണ് മൂന്നുപേരുടെയും മൃതദേഹം ബന്ധുക്കളും നാട്ടുകാരും ഏറ്റുവാങ്ങിയത്.
തിങ്കളാഴ്ച രാവിലെ സ്റ്റെഫിന് എബ്രഹാമിന്റെ മൃതദേഹം കുടുംബം നിലവില്‍ വാടകക്ക് താമസിക്കുന്ന വീട്ടിലും പുതുതായി നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. ഒന്‍പതാം മൈല്‍ ഐപിസി പള്ളിയില്‍ ആണ് സംസ്കാരം. ശ്രീഹരിയുടെ സംസ്കാരം നാളെ നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കാനഡയിലുള്ള സഹോദരന് എത്താന്‍ വൈകുന്നതു കൊണ്ടാണ് സംസ്കാരം മാറ്റിവെച്ചത്.
സഹോദരന് ആരോമല്‍ എത്താനിരുന്ന എയര്‍ ഇന്ത്യ വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയതാണ് പ്രതിസന്ധി. ഞായറാഴ്ച രാവിലെ ശ്രീഹരിയുടെയും ഷിബുവിന്റെയും മൃതദേഹം മോര്‍ച്ചറിയില്‍ നിന്നും വീട്ടിലെത്തിക്കും. ശ്രീഹരിയുടെ സംസ്കാരം വീട്ടുവളപ്പിലും ഷിബുവിന്റെ സംസ്കാരം പായിപ്പാട് പള്ളിയിലുമാണ്.