മോൺക്ടൺ : അറ്റ്ലാൻ്റിക് കാനഡയിലെ ഭവനപ്രതിസന്ധിക്ക് പരിഹാരമായി ചിലവ് കുറഞ്ഞ വീടുകൾ നിർമ്മിക്കുന്നതിനും നന്നാക്കുന്നതിനുമായി ഒമ്പത് കോടി തൊണ്ണൂറ് ലക്ഷം ഡോളർ അനുവദിച്ച് ഫെഡറൽ ഗവൺമെൻ്റ്. ഹൗസിങ് ആക്സിലറേറ്റർ ഫണ്ടിൽ നിന്നും കുറഞ്ഞ പലിശ നിരക്കിൽ വായ്പയായാണ് തുക അനുവദിക്കുക.
ന്യൂബ്രൺസ് വിക്, പ്രിൻസ് എഡ്വേഡ് ഐലൻഡ്, നോവസ്കോഷ, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ എന്നീ പ്രവിശ്യകളിലെ 69 പദ്ധതികളിലൂടെ 4,123 ചിലവ് കുറഞ്ഞ വീടുകൾ നിർമ്മിക്കുന്നതിനും നന്നാക്കുന്നതിനുമായി ഈ തുക വിനിയോഗിക്കുമെന്ന് ഫെഡറൽ മന്ത്രിമാരായ ഡൊമിനിക് ലെബ്ലായും ഗിനെറ്റ് പെറ്റിറ്റ്പാസ് ടെയ്ലറും പ്രഖ്യാപിച്ചു. കാനഡയിലെ ഓരോ പ്രവിശ്യകൾക്കും പ്രദേശങ്ങൾക്കും ഇതിനകം നൽകിയിട്ടുള്ള ഫണ്ടുകൾക്ക് പുറമെയാണ് ഇപ്പോൾ അനുവദിക്കുന്ന തുകയെന്നും ഇരുവരും അറിയിച്ചു.