ന്യൂ ബ്രണ്‍സ്വിക്കിലെ ഷെല്‍ പ്രോസസ്സിങ് പ്ലാന്റ് എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കുന്നു. ശനിയാഴ്ച രാത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ഇരുപതോളം ജീവനക്കാരെ പിരിച്ചുവിട്ടതായും കമ്പനി അറിയിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രവിശ്യാ ഗവണ്മെന്റ് ഏര്‍പ്പെടുത്തിയ പ്രവര്‍ത്തന പരിമിതികള്‍ കമ്പനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചതായും ഇനിയും മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കമ്പനിയില്‍ നിന്ന് പുറത്ത് വരുന്ന ദുര്‍ഗന്ധത്തെക്കുറിച്ച് സമീപവാസികള്‍ക്കുള്ള ആശങ്കകള്‍ ലഘൂകരിക്കാന്‍ കമ്പനി ഒന്നര വര്‍ഷത്തിലേറെയായി പ്രവിശ്യയുമായും ഫെഡറല്‍ ഗവണ്മെന്റുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് കോസ്റ്റല്‍ ഷെല്‍ പ്രൊഡക്ട്സ് മാനേജര്‍ ജാമി ഗോഗുന് പറഞ്ഞു.
ലോബ്സ്റ്റര്‍, ക്രാബ് ഷെല്‍ എന്നിവ നീക്കം ചെയ്യുന്നതിനായി പത്ത് സംസ്കരണ ശാലകളാണ് പ്രവിശ്യയിലുളളത്. പ്ലാന്റില്‍ നിന്നുളള അസഹ്യമായ ദുര്‍ഗന്ധവും ഉച്ചത്തിലുള്ള ശബ്ദത്തെക്കുറിച്ചും വര്‍ഷങ്ങളായി പ്രദേശവാസികള്‍ പരാതികള്‍ ഉന്നയിച്ചിരുന്നു.