ഓട്ടവ : മഴ നിറഞ്ഞ ഒരാഴ്ചയ്ക്ക് ശേഷം ചില പ്രവിശ്യകളിൽ കനത്ത ചൂട് അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡ. ഏറ്റവും പുതിയ പ്രവചന പ്രകാരം 45 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെടാം.
ഒൻ്റാരിയോ, കെബെക്ക്, ന്യൂബ്രൺസ് വിക് പ്രവിശ്യകളിലെ ചില പ്രദേശങ്ങളിൽ ചൂട് തരംഗം ബാധിക്കുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. ഒൻ്റാരിയോയിൽ ഉടനീളം, താപനില 35 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. ടൊറൻ്റോ പോലുള്ള പ്രദേശങ്ങളിൽ 45 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെടും. തിങ്കളാഴ്ച മുതൽ ലണ്ടൻ ഒൻ്റാരിയോ മുതൽ ഓട്ടവ വരെയുള്ള പ്രദേശത്ത് എൻവയൺമെൻ്റ് കാനഡ ചൂട് മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പ് അൽബാനി ഫോർട്ട് മുതൽ സൂ സെ മാരി വരെ ബാധകമായിരിക്കും. അതേസമയം ഒൻ്റാരിയോയിലുടനീളമുള്ള രാത്രി താപനില, 17 നും 24 നും ഇടയിൽ താഴും.
ചൂട് തരംഗം ബാധിക്കുന്ന തെക്കൻ കെബെക്കിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലാവസ്ഥാ ഏജൻസി പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത മൂന്ന് ദിവസങ്ങളിൽ താപനില 34 വരെ ഉയരുമെന്നും ഈർപ്പവും കൂടിച്ചേരുമ്പോൾ 40 ഡിഗ്രി സെൽഷ്യസായി താപനില അനുഭവപ്പെടുമെന്നും ഫെഡറൽ ഏജൻസി പ്രവചിക്കുന്നു. സെൻട്രൽ കെബെക്കിൽ ഇന്ന് ഇടിമിന്നലിന് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. ന്യൂബ്രൺസ് വിക്കിൽ, ചൊവ്വ, ബുധൻ ദിവസങ്ങളിലെ താപനില 33 ഡിഗ്രി സെൽഷ്യസായിരിക്കും. എന്നാൽ, ഈർപ്പവും കൂടിച്ചേരുമ്പോൾ താപനില 40 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടും.
രാജ്യത്തിൻ്റെ ചില ഭാഗങ്ങൾ കടുത്ത ചൂടിലേക്ക് കടക്കുമ്പോൾ ആൽബർട്ടയിൽ താപനില കുറയുമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. മധ്യ, തെക്കൻ ആൽബർട്ടയിലും പടിഞ്ഞാറൻ സസ്കാച്വാനിലും ഇടിമിന്നലിന് സാധ്യത ഉണ്ട്. ഒപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുകയും ആലിപ്പഴം വീഴുകയും ചെയ്യും. തിങ്കളാഴ്ച രാവിലെയോടെ 50 മില്ലിമീറ്റർ വരെ മഴ പ്രതീക്ഷിക്കുന്ന വടക്കൻ മാനിറ്റോബയിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രവിശ്യയിലെ നിരവധി പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ 90 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റ് വീശും.