ഓട്ടവ : താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്ന മധ്യ, കിഴക്കൻ കാനഡയിൽ അതിതീവ്ര ഉഷ്ണ തരംഗ മുന്നറിയിപ്പ് പ്രാബല്യത്തിൽ തുടരുന്നു. സെൻട്രൽ, അറ്റ്ലാൻ്റിക് കാനഡയിൽ ചൊവ്വാഴ്ച കുറഞ്ഞ താപനില 30 ഡിഗ്രി സെൽഷ്യസിലും ഈർപ്പം കൂടിച്ചേരുമ്പോൾ 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും എൻവയൺമെൻ്റ് കാനഡ അറിയിച്ചു. അതേസമയം ഇന്ന് രാവിലെ താപനില കുറയുന്ന, ആൽബർട്ടയുടെ ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ച്ച പ്രതീക്ഷിക്കുന്നു.
ഒൻ്റാരിയോ, കെബെക്ക്, ന്യൂബ്രൺസ് വിക് എന്നീ പ്രവിശ്യകളിൽ കടുത്ത ചൂട് അനുഭവപ്പെടും. നോവസ്കോഷ ഹാലിഫാക്സിൻ്റെ തെക്കൻ പ്രദേശങ്ങളിൽ താപനില 29 മുതൽ 34 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. കടുത്ത ചൂടിനൊപ്പം ഈർപ്പം കൂടിച്ചേർന്ന് ചൊവ്വ മുതൽ വ്യാഴം വരെ 41 ഡിഗ്രി സെൽഷ്യസിസിലേക്ക് താപനില വർധിക്കും.
ചില പ്രദേശങ്ങളിൽ തിങ്കളാഴ്ച സാധാരണയിലും കൂടുതൽ ചൂട് രേഖപ്പെടുത്തിയതായി ഫെഡറൽ ഏജൻസി റിപ്പോർട്ട് ചെയ്തു. ഒൻ്റാരിയോയിലെ ബാൻക്രോഫ്റ്റ് (30.9), ബിയാട്രിസ് (30.2), ഹാരോ (33.9), കെബെക്കിലെ സെൻ്റ്-അനിസെറ്റ് (30.8) എന്നിവിടങ്ങളിൽ റെക്കോർഡ് ചൂടാണ് ഇന്നലെ രേഖപ്പെടുത്തിയത്. വടക്കുപടിഞ്ഞാറൻ ഒൻ്റാരിയോയിൽ, ഇന്ന് ഉച്ചയോടെ അതിശക്തമായ ചുഴലിക്കാറ്റിന് സാധ്യത ഉണ്ടെന്നും ദേശീയ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. കൂടാതെ ഇന്ന് രാവിലെ ഇടിമിന്നലുണ്ടാകുമെന്നാണ് പ്രവചനം. വലിയ ആലിപ്പഴം വീഴുന്നതിനും കനത്ത മഴയ്ക്കും ഒപ്പം മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി.