ഓട്ടവ : ഇതിഹാസ കനേഡിയൻ നടൻ ഡോണൾഡ് സതർലാൻഡ് (88) അന്തരിച്ചു. മകനും നടനുമായ കീഫർ സതർലാൻഡാണ് അദ്ദേഹത്തിന്റെ മരണവിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
1935 ജൂലൈ 17-ന് ന്യൂബ്രൺസ് വിക്കിൽ ജനിച്ച ഡോണൾഡ് മക്നിക്കോൾ സതർലാൻഡ് കൗമാരപ്രായത്തിൽ നോവസ്കോഷയിലേക്ക് കുടിയേറി. തുടർന്ന് ഉന്നത വിദ്യാഭ്യാസത്തിനായി മാരിടൈംസ് വിട്ട അദ്ദേഹം ആദ്യം ടൊറൻ്റോ സർവകലാശാലയിലും പിന്നീട് ഇംഗ്ലണ്ടിലും തന്റെ പഠനം പൂർത്തിയാക്കി. ചലച്ചിത്ര ജീവിതത്തിന് 1967-ൽ പുറത്തിറങ്ങിയ “ദ ഡേർട്ടി ഡസൻ” എന്ന ക്ലാസിക്ക് ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെ തുടക്കം കുറിച്ചു. പിന്നീട് റോബർട്ട് ആൾട്ട്മാൻ്റെ “എം.എ.എസ്.എച്ച്” എന്ന ചിത്രത്തിലെ ഹോക്കി പിയേഴ്സ് എന്ന കഥാപാത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ചവച്ചു.
ഏഴ് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ചലച്ചിത്ര ജീവിതത്തിൽ പ്രൈംടൈം എമ്മി അവാർഡും രണ്ട് ഗോൾഡൻ ഗ്ലോബ് അവാർഡുകളും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. അതേസമയം ഒരിക്കലും അക്കാദമി അവാർഡ് നോമിനേഷൻ ലഭിക്കാത്ത മികച്ച നടന്മാരിൽ ഒരാൾ എന്ന നിലയിലും അദ്ദേഹം പരാമർശിക്കപ്പെട്ടു. 2017-ൽ അദ്ദേഹത്തിന് അക്കാദമി ഓണററി അവാർഡ് ലഭിച്ചു.
2019-ൽ ഓർഡർ ഓഫ് കാനഡയിൽ അംഗമായി. 2023 ഒക്ടോബറിൽ, കാനഡ പോസ്റ്റ് അദ്ദേഹത്തിൻ്റെ ബഹുമാനാർത്ഥം ഒരു സ്റ്റാമ്പ് പുറത്തിറക്കി ആദരിച്ചു. 2000-ൽ കാനഡയുടെ വാക്ക് ഓഫ് ഫെയിമിലും അദ്ദേഹത്തെ ഉൾപ്പെടുത്തി.