ഹാലിഫാക്സ് : കിഴക്കൻ യുണൈറ്റഡ് സ്റ്റേറ്റ്സ് കടൽത്തീരത്ത് ആരംഭിച്ച ന്യൂനമർദ്ദം അറ്റ്ലാൻ്റിക് കാനഡയിലുടനീളം കനത്ത മഴയ്ക്കും ഇടിമിന്നലിനും കാരണമാകുമെന്ന് എൻവയൺമെൻ്റ് കാനഡ. ഇന്ന് ഉച്ചയ്ക്കും വൈകിട്ടും തെക്കൻ ന്യൂബ്രൺസ് വികിലും നോവസ്കോഷയുടെ അറ്റ്ലാൻ്റിക് തീരപ്രദേശത്തും ശക്തമായ ഇടിമിന്നൽ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി.
കൂടാതെ ഇന്ന് രാത്രിയും ചൊവ്വാഴ്ച രാവിലെയും നോവസ്കോഷയിൽ കനത്ത മഴയ്ക്കും ശക്തമായ ഇടിമിന്നലിനും സാധ്യത ഉണ്ട്. രാത്രി പത്തു മണിയോടെ ഇടിമിന്നൽ ആരംഭിക്കുമെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. ചില മേഖലകളിൽ ഇടിമിന്നലിനൊപ്പം അമ്പത് മില്ലീമീറ്ററിൽ കൂടുതൽ മഴ പെയ്യും. കനത്ത മഴയിൽ ദൃശ്യപരത കുറയുന്നതിനും പ്രാദേശികമായി വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. അതേസമയം തെക്കുകിഴക്കൻ ന്യൂബ്രൺസ് വിക്കിലുംപ്രിൻസ് എഡ്വേഡ് ഐലൻഡിലും ചൊവ്വാഴ്ച മഴയ്ക്ക് സാധ്യത കുറവാണ്. ചൊവ്വാഴ്ച വൈകിട്ടോടെ നോവസ്കോഷയിൽ മഴ അവസാനിക്കുമെന്നാണ് പ്രവചനം.
വ്യാഴാഴ്ച മാരിടൈമിൽ സമാനമായ കാലാവസ്ഥ വീണ്ടും എത്തുമെന്ന് ദേശീയ കാലാവസ്ഥാ ഏജൻസി അറിയിച്ചു. 5 മുതൽ 20 മില്ലിമീറ്റർ വരെ മഴയാണ് മേഖലയിൽ പ്രതീക്ഷിക്കുന്നത്. ചില പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലും ഉണ്ടാകും.