ഓട്ടവ : കാനഡയുടെ ഇമിഗ്രേഷൻ സംവിധാനത്തിലെ വെല്ലുവിളികൾ തുടരുന്നു. പുതിയ ആപ്ലിക്കേഷനുകളും നിലവിലുള്ള ഇൻവെൻ്ററിയും അടക്കം കാനഡയുടെ ഇമിഗ്രേഷൻ ബാക്ക്ലോഗ് വർധിച്ചതായി ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (IRCC) റിപ്പോർട്ട് ചെയ്തു. മെയ് 31 വരെ, മൊത്തം 2,220,000 പൗരത്വ, സ്ഥിര താമസ, താൽക്കാലിക താമസ അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നതായി പുതിയ IRCC അപ്ഡേറ്റ് ഡാറ്റ വ്യക്തമാക്കുന്നു. ഇവയിൽ, 878,400 അപേക്ഷകൾ ബാക്ക്ലോഗാണ്. ഏപ്രിലിലെ 897,100 അപേക്ഷകളുടെ ബാക്ക്ലോഗിൽ നിന്നും നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും ഐആർസിസി വ്യക്തമാക്കി.
പൗരത്വ, ഇമിഗ്രേഷൻ, താൽക്കാലിക വീസ എന്നിവ പ്രോസ്സസ് ചെയ്യാൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് നിശ്ചയിച്ചിട്ടുള്ള ശരാശരി സേവന നിലവാരത്തേക്കാൾ കൂടുതൽ സമയം എടുക്കുന്നതിനെയാണ് ഇമിഗ്രേഷൻ ബാക്ക്ലോഗ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
പൗരത്വ അപേക്ഷകൾ : ഈ വിഭാഗത്തിൽ കാര്യമായ പുരോഗതി കൈവരിച്ചു. മൊത്തം അപേക്ഷകളിൽ 17% മാത്രമേ ബാക്ക്ലോഗ് ചെയ്തിട്ടുള്ളൂ. പൗരത്വ അപേക്ഷകളുടെ ബാക്ക്ലോഗ് ഏപ്രിലിൽ 47,400 ആയിരുന്നത് മെയ് 31 വരെ 43,000 ആയി കുറഞ്ഞു.
സ്ഥിര താമസ അപേക്ഷകൾ : ഏപ്രിൽ അവസാനത്തെ 302,400 ൽ നിന്ന് നേരിയ കുറവ് രേഖപ്പെടുത്തി മെയ് അവസാനം വരെ സ്ഥിരതാമസ അപേക്ഷകളിൽ 300,600 അപേക്ഷകൾ ബാക്ക്ലോഗിലാണ്.
താൽക്കാലിക റസിഡൻസി അപേക്ഷകൾ : ബാക്ക്ലോഗ് ഏപ്രിലിൽ 548,100 ആയിരുന്നത് മെയ് മാസത്തിൽ 534,800 ആയി കുറഞ്ഞു. ബാക്ക്ലോഗിൽ ഏകദേശം 2.4% പുരോഗതി രേഖപ്പെടുത്തി.അതോടൊപ്പം, സേവന മാനദണ്ഡങ്ങൾക്കുള്ളിൽ പ്രോസസ്സ് ചെയ്ത താൽക്കാലിക റസിഡൻസി അപേക്ഷകൾ 661,300 ൽ നിന്ന് 688,700 ആയി ഉയർന്നു. ഇത് പുതിയ അപേക്ഷകളുടെ വർധനയെ സൂചിപ്പിക്കുന്നു.
വെല്ലുവിളികൾ നേരിടുന്ന വിഭാഗങ്ങൾ
ഈ മെച്ചപ്പെടുത്തലുകൾ ഉണ്ടായിരുന്നിട്ടും, ചില വിഭാഗങ്ങൾ കാര്യമായ കാലതാമസം നേരിടുന്നു.
- എക്സ്പ്രസ് എൻട്രി പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകൾ (പിഎൻപി) : 24% ബാക്ക്ലോഗിലാണ്
- താൽക്കാലിക റസിഡൻ്റ് വീസകൾ : 58% ബാക്ക്ലോഗിലാണ്
- വർക്ക് പെർമിറ്റുകൾ : 53% ബാക്ക്ലോഗിലാണ്.