പി പി ചെറിയാൻ
ഡാലസ് : 28-ാമത് ഡാലസ് മേയറുടെ ബാക്ക് ടു സ്കൂൾ മേള ഓഗസ്റ്റ് രണ്ടിന് നടക്കും. മേയർ എറിക് ജോൺസൺ ആതിഥേയത്വം വഹിക്കുന്ന മേള ഫെയർ പാർക്കിലാണ് സംഘടിപ്പിക്കുന്നത്. അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ സ്കൂൾ സാമഗ്രികളും സേവനങ്ങളും നൽകി ഡാലസിലെ കുട്ടികളെയും കുടുംബങ്ങളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് “ബാക്ക് ടു സ്കൂൾ മേള” ഒരുക്കുന്നത്. സിറ്റി ഓഫ് ഡാലസ്, ഡാലസ് ഐഎസ്ഡി, കോർപ്പറേഷനുകൾ, കമ്മ്യൂണിറ്റി വോളണ്ടിയർമാർ എന്നിവരുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.
കുട്ടികൾക്ക് മേളയിൽ നിന്നും സ്കൂൾ സാമഗ്രികൾ അടക്കമുള്ള സാധനങ്ങൾ നിറച്ച ബാക്ക്പാക്കുകൾ സ്വീകരിക്കാം. കൂടാതെ സൗജന്യ പ്രതിരോധ കുത്തിവയ്പ്പുകൾ, ഹെയർകട്ട്, ഡെൻ്റൽ സ്ക്രീനിങ് എന്നിവയും മേളയിൽ ഒരുക്കിയിട്ടുണ്ട്. നഗരത്തിലെ ഓരോ കുട്ടികൾക്കും അവരുടെ സാമൂഹിക സാമ്പത്തിക നില പരിഗണിക്കാതെ പൊതുവിദ്യാലയങ്ങളെ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ സജ്ജരാക്കുകയാണ് മേളയുടെ ലക്ഷ്യം വെക്കുന്നതെന്ന് മേയർ എറിക് ജോൺസൺ പറഞ്ഞു. ആയിരത്തിലധികം കുടുംബങ്ങൾ മേളയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജൂലൈ 26 വരെ രജിസ്ട്രേഷൻ തുടരുമെന്നും അദ്ദേഹം അറിയിച്ചു.