ഓട്ടവ : രാസ അപകടസാധ്യത കണക്കിലെടുത്ത് പത്ത് ലക്ഷത്തോളം മിനിവേഴ്സ് “മേക്ക് ഇറ്റ് മിനി” ടോയ് സെറ്റുകൾ തിരിച്ചു വിളിച്ച് ഹെൽത്ത് കാനഡ. സമാനകാരണങ്ങളാൽ യുഎസിൽ 21 കോടി കളിപ്പാട്ടങ്ങളും തിരിച്ചു വിളിച്ചിട്ടുണ്ട്. തിരിച്ചുവിളിച്ച മിനിവേഴ്സ് സെറ്റുകളിൽ “മേക്ക് ഇറ്റ് മിനി അപ്ലയൻസസ്”, “മേക്ക് ഇറ്റ് മിനി ഫുഡ്”, “മേക്ക് ഇറ്റ് മിനി ലൈഫ്സ്റ്റൈൽ” എന്നിവയുടെ എല്ലാ മോഡലുകളും സീരീസുകളും ഉൾപ്പെടുന്നു.
ഈ ടോയ് സെറ്റുകൾക്കുള്ളിൽ ലിക്വിഡ് റെസിൻ അടങ്ങിയിട്ടുണ്ടെന്നും ഈ രാസ പദാർത്ഥം ഖരരൂപത്തിൽ സുരക്ഷിതമാണെങ്കിലും, ദ്രാവകമാകുമ്പോൾ, കുട്ടികൾക്കും മുതിർന്നവർക്കും ഗുരുതര ആരോഗ്യപ്രതിസന്ധിക്ക് കാരണമാകുമെന്നും ഹെൽത്ത് കാനഡ മുന്നറിയിപ്പ് നൽകുന്നു. മേക്ക് ഇറ്റ് മിനി കളിപ്പാട്ടങ്ങൾ ഉപയോഗിക്കുന്നതിലൂടെ ആസ്ത്മയും കണ്ണുകൾക്കും ത്വക്ക്, ശ്വാസകോശ സംബന്ധമായ മറ്റു അസുഖങ്ങൾക്കും കാരണമാകും.
ടോയ് സെറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട് അലർജി ഉണ്ടായതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ടന്ന് ഹെൽത്ത് അതോറിറ്റി അറിയിച്ചു. ഫെഡറൽ ഹാസാർഡസ് സബ്സ്റ്റൻസസ് ആക്ട് പ്രകാരം കുട്ടികളുടെ കളിപ്പാട്ടങ്ങൾക്കുള്ളിൽ അനുവദനീയമായതിനേക്കാൾ വലിയ അളവിൽ റെസിനുകളിൽ അക്രിലേറ്റുകൾ അടങ്ങിയിട്ടുണ്ടെന്ന് യുഎസ് ഉപഭോക്തൃ ഉൽപ്പന്ന സുരക്ഷാ കമ്മീഷൻ പറഞ്ഞു.
പത്ത് മുതൽ ഇരുപത് ഡോളർ വരെ വിലയുള്ള മിനിവേഴ്സ് സെറ്റുകൾ ഉപയോഗിക്കുന്ന ഉടൻ അവസാനിപ്പിക്കണമെന്നും ഹെൽത്ത് കാനഡ നിർദ്ദേശിച്ചു. കൂടുതൽ വിവരങ്ങൾക്ക് MGA എൻ്റർടൈൻമെൻ്റുമായി 1-800-222-4685 എന്ന നമ്പറിലോ mgae.com എന്ന വെബ്സൈറ്റ് വഴിയോ ബന്ധപ്പെടാം.