എഡ്മിന്റൻ : ആൽബർട്ടയിലെ വവ്വാലുകളിൽ വൈറ്റ്-നോസ് സിൻഡ്രോം കണ്ടെത്തി. റെഡ് ഡീർ നദിക്കരയിൽ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി മൂന്ന് ലിറ്റിൽ ബ്രൗൺ വവ്വാലുകളിൽ രോഗം സ്ഥിരീകരിച്ചതായി ആൽബർട്ട കമ്മ്യൂണിറ്റി ബാറ്റ് പ്രോഗ്രാം അറിയിച്ചു. വടക്കേ അമേരിക്കൻ വവ്വാലുകളിൽ കണ്ടുവരുന്ന ഒരു ഫംഗസ് രോഗമാണ് വൈറ്റ്-നോസ് സിൻഡ്രോം (ഡബ്ല്യുഎൻഎസ്). വവ്വാലിൻ്റെ ചർമ്മത്തെ ബാധിക്കുന്ന സ്യൂഡോജിംനോസ്കസ് ഡിസ്ട്രക്റ്റൻസ് എന്ന കുമിളാണ് ഈ രോഗത്തിന് കാരണം. രോഗവ്യാപനം തടയുന്നതിനുള്ള വ്യക്തമായ ചികിത്സയോ മാർഗങ്ങളോ നിലവിൽ ലഭ്യമായിട്ടില്ല.
രോഗം അതിവേഗം നിരവധി വവ്വാലുകളിലേക്ക് പടരുന്നതായി വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റി കാനഡയുടെ ആൽബർട്ട ബാറ്റ് പ്രോഗ്രാം കോർഡിനേറ്റർ കോറി ഓൾസെൻ പറയുന്നു. 2022 ൽ ദിനോസർ പ്രൊവിൻഷ്യൽ പാർക്കിന് സമീപമുള്ള ബാഡ്ലാൻഡിലാണ് ഫംഗസ് ആദ്യമായി കണ്ടെത്തിയത്. എന്നാൽ, ഈ വർഷം ഇതാദ്യമായാണ് വവ്വാലുകളിൽ വൈറ്റ്-നോസ് സിൻഡ്രോം രോഗം കണ്ടെത്തിയതെന്ന് കോറി ഓൾസെൻ അറിയിച്ചു.
ലിറ്റിൽ ബ്രൗൺ വവ്വാലുകളുടെ എണ്ണം കുറയുന്നതിന് വൈറ്റ്-നോസ് സിൻഡ്രോം കാരണമാകുന്നുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റി കാനഡയും ആൽബർട്ട എൻവയോൺമെൻറും അറിയിച്ചു.