സാസ്കറ്റൂൺ : ഇന്നും നാളെയും സാസ്കറ്റൂണിൽ ശക്തമായ മഴ പെയ്യുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ഇന്ന് ഉച്ചകഴിഞ്ഞ് ആരംഭിക്കുന്ന മഴ വൈകിട്ടോടെ ശക്തി പ്രാപിക്കും. 60 മില്ലിമീറ്റർ വരെ മഴ പെയ്തേക്കുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. വെള്ളിയാഴ്ചയും മഴ തുടരും.
പ്രാദേശികമായി ചില പ്രദേശങ്ങളിൽ 80 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കും. കനത്ത മഴ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാകും. ആലിപ്പഴം വീഴ്ച്ച, കനത്ത കാറ്റ്, ഇടിമിന്നൽ എന്നിവയ്ക്കും സാധ്യതയുണ്ട്. നദികൾ, തോടുകൾ, കലുങ്കുകൾ എന്നിവയ്ക്ക് സമീപം പോകരുതെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു. വെള്ളിയാഴ്ച രാത്രിയോടെ കാലാവസ്ഥ മാറുന്നതോടെ സ്ഥിതിഗതികൾ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.