ടൊറൻ്റോ : നോർത്ത് അമേരിക്കയിലെ വടംവലി പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ടൊറൻ്റോ സോഷ്യൽ ക്ലബ് ആതിഥേയത്വം വഹിക്കുന്ന നാലാമത് രാജ്യാന്തര വടംവലി മത്സരത്തിന് കിയ സ്ട്രാറ്റ്ഫോർഡ് മൈതാനി ശനിയാഴ്ച്ച വേദിയാകും. ജൂൺ 29 ശനിയാഴ്ച്ച നടക്കുന്ന വടംവലി മത്സരത്തിൽ കാനഡയിലെയും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി ടീമുകൾ പങ്കെടുക്കുമെന്ന് മിസ്സിസാഗ മീഡിയ റൂമിൽ നടന്ന വാർത്താസമ്മേളനത്തിൽ ക്ലബ് ഭാരവാഹികളായ മോൻസി കുന്നുംപുറത്ത്, ഫിലിപ്സ് ജോർജ്, മത്സരത്തിന്റെ മെഗാ സ്പോൺസർ ബോബൻ ജയിംസ് (ട്രിനിറ്റി ഗ്രൂപ്പ്) എന്നിവർ അറിയിച്ചു.
മത്സരവിജയികൾക്ക് ഒന്നാം സമ്മാനമായി കിയ സ്ട്രാറ്റ്ഫോർഡ് സ്പോൺസർ ചെയ്തിരിക്കുന്ന 5005 ഡോളറും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 2505 ഡോളറും ട്രോഫിയും സമ്മാനിക്കും. മൂന്നാം സ്ഥാനത്തെത്തുന്ന ടീമിന് 1707 ഡോളറും നാലാം സ്ഥാനക്കാർക്ക് 1001 ഡോളറുമായിരിക്കും സമ്മാനിക്കുക. വടംവലി മത്സരത്തോടനുബന്ധിച്ച് കിയ സ്ട്രാറ്റ്ഫോർഡ് മൈതാനിയിൽ സൗത്ത് ഇന്ത്യൻ വിഭവങ്ങൾ അടങ്ങിയ തട്ടുകട, കുട്ടികൾക്കായി വിവിധ മത്സരങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
മത്സരത്തിന് മുന്നോടിയായി മെയ് 26-ന് മിസ്സിസാഗയിൽ നിന്ന് സ്ട്രാറ്റ്ഫോഡിലേക്ക് നടന്ന മോട്ടോർ റാലിയോടെ കിക്ക് ഓഫ് കർമ്മം നടന്നു. ഒൻ്റാരിയോയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ വാഹനങ്ങൾ കിക്ക് ഓഫ് കർമ്മത്തിൽ അണിനിരന്നു. മിൽട്ടണിലുള്ള Go സ്റ്റേഷന്റെ കാർപൂളിൽ നിന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ആരംഭിച്ച് മൂന്നു മണിയോടെ കേംബ്രിഡ്ജിൽ എത്തിയ മോട്ടോർ റാലി സ്ട്രാറ്റ്ഫോഡിൽ നാലു മണിയോടെ എത്തിച്ചേർന്നു.