വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ വെസ്റ്റ് വൻകൂവറിൽ കരടിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് പരുക്കേറ്റു. വീടിനോടു ചേർന്നുള്ള ഗാരേജിൽ കയറിയ കറുത്ത കരടിയാണ് വയോധികയെ ആക്രമിച്ചത്.
ഗാരേജിനുള്ളിൽ നിന്നും ശബ്ദം കേട്ടെത്തിയ വയോധികയെ കരടി ആക്രമിക്കുകയായിരുന്നുവെന്ന് ബിസി കൺസർവേഷൻ ഓഫീസർ സർവീസ് അറിയിച്ചു. കരടി ഗാരേജിൽ കയറിയതായി കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തെക്കുറിച്ചറിഞ്ഞ് എത്തിയ എമർജൻസി സർവീസ് നിസാര പരിക്കുകളോടെ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കരടിയെ കണ്ടെത്തിയില്ല.
കരടി ആക്രമണത്തെ ചെറുക്കൻ കൂട്ടമായി യാത്ര ചെയ്യുക, കരടി സ്പ്രേ കൈവശം കരുതുക, വളർത്തുമൃഗങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ബിസി കൺസർവേഷൻ ഓഫീസർ സർവീസ് നിർദ്ദേശിച്ചു. കരടിയെ കാണുന്നവർ 1-877-952-7277 എന്ന നമ്പറിൽ ബിസി കൺസർവേഷൻ ഓഫീസുമായി ബന്ധപ്പെടണം.