റിയാദ് : അടുത്ത മാസം റിയാദില്‍ നടക്കുന്ന ഇ-സ്പോര്‍ട്സ് വേള്‍ഡ് കപ്പില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് വമ്പന്‍ ഓഫറുമായി സൗദി അറേബ്യ. ജൂലൈ മൂന്നിന് ആരംഭിച്ച് എട്ടാഴ്ച നീണ്ടു നില്ക്കുന്ന ഇ-സ്പോര്‍ട്സ് ലോകകപ്പില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ഇ-വീസ നല്‍കാനാണ് പദ്ധതി.
ജൂലൈ മൂന്ന് മുതല്‍ ആഗസ്ത് 25 വരെയാണ് റിയാദ് ബൊളിവാര്‍ഡ് സിറ്റിയില്‍ ഇ-സ്പോര്‍ട്സ് വേള്‍ഡ് കപ്പ് നടക്കുന്നത്. 90 ദിവസം കാലാവധിയുള്ളതായിരിക്കും ഇ-വീസയെന്ന് അധികൃതര്‍ അറിയിച്ചു. വീസ പ്ലാറ്റ്ഫോമായ സൗദി വീസ വഴി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന എല്ലാ അന്തര്‍ദേശീയ ഇവന്റുകളും വന്‍ വിജയമാക്കുന്നതിന്റെ ഭാഗമായി, ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സന്ദര്‍ശകര്‍ക്ക് നടപടിക്രമങ്ങള്‍ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ-വീസ നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
അഞ്ഞൂറോളം പ്രമുഖ അന്താരാഷ്ട്ര ക്ലബ്ബുകളെ പ്രതിനിധീകരിച്ച് ആയിരത്തി അഞ്ഞൂറിലധികം കളിക്കാര്‍ 22 മത്സര ഇനങ്ങളിലായി ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ടൂര്ണമെന്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ഇവന്റുകളുടെ വിശദാംശങ്ങളും ഇ-സ്പോര്‍ട്സ് ലോകകപ്പ് വെബ്സൈറ്റില്‍ ലഭിക്കും.