മൺട്രിയോൾ : നഗരത്തിൽ പ്രതിഷേധ പ്രകടനങ്ങൾ ശക്തമാക്കി പലസ്തീൻ അനുകൂലികൾ. നോവസ്കോഷയിലെ ഹാലിഫാക്സിലേക്കും തുടർന്ന് ഇസ്രയേലിലേക്കും കയറ്റി അയക്കുന്ന സാധനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ മൺട്രിയോളിൽ റെയിൽവേ ഉപരോധം ആരംഭിച്ചതായി പലസ്തീൻ അനുകൂല പ്രതിഷേധക്കാർ അറിയിച്ചു. മുഖംമൂടികളും കെഫിയ സ്കാർഫുകളും കൊണ്ട് മുഖം മറച്ച് പ്രവർത്തകർ ഇന്ന് രാവിലെ ആറു മണിയോടെ സെൻ്റ്-ബ്രൂണോയ്ക്ക് സമീപം റെയിൽവേ ലൈൻ ഉപരോധിച്ചതായി സംഘാടകർ പറഞ്ഞു.
![](http://mcnews.ca/wp-content/uploads/2024/05/Mohandas-Kalarickal-1024x517.jpg)
നിരവധി പ്രവർത്തകർ റെയിൽവേ ലൈൻ ഉപരോധത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് സംഘാടകരായ സോളിഡാരിറ്റേ സാൻസ് ഫ്രണ്ടിയേഴ്ഡ് അറിയിച്ചു. മൺട്രിയോളിൽ നിന്നും ഹാലിഫാക്സിലേക്ക് കനേഡിയൻ നാഷണൽ (സിഎൻ) ചരക്ക് ട്രെയിനുകളിൽ എത്തിക്കുന്ന സാധനങ്ങൾ സിം ഇൻ്റഗ്രേറ്റഡ് ഷിപ്പിംഗ് സർവീസസ് ലിമിറ്റഡിൻ്റെ ഉടമസ്ഥതയിലുള്ള കപ്പലുകളിൽ ഇസ്രയേലിലേക്ക് കൊണ്ടുപോകുന്നതായി സംഘാടകർ ആരോപിക്കുന്നു. ഈ റെയിൽവേ ലൈൻ ഉപരോധത്തിലൂടെ ചരക്ക് ഗതാഗതം താൽക്കാലികമായി തടസ്സപ്പെടുത്തുകയും കാനഡയുടെ ശ്രദ്ധ ആകർഷിക്കുകയും കൂടുതൽ ബഹിഷ്കരണം, വിഭജനം, ഉപരോധം എന്നിവയ്ക്ക് പ്രചോദനം നൽകുമെന്നും സംഘാടകരായ സോളിഡാരിറ്റേ സാൻസ് ഫ്രണ്ടിയേഴ്ഡ് പറയുന്നു.