കാൽഗറി : എയർലൈൻ മെക്കാനിക്കുകളുടെ അപ്രതീക്ഷിത പണിമുടക്കിനെ തുടർന്ന് ഇരുനൂറിലധികം ഫ്ലൈറ്റുകൾ റദ്ദാക്കി വെസ്റ്റ്ജെറ്റ്. എയർക്രാഫ്റ്റ് മെക്കാനിക്സ് ഫ്രറ്റേണൽ അസോസിയേഷൻ (AMFA) തങ്ങളുടെ അംഗങ്ങൾ വെള്ളിയാഴ്ച രാവിലെ അഞ്ചരയോടെ സമരം ആരംഭിച്ചതായി അറിയിച്ചു.
നിലവിൽ 235 വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ടെന്നും ശനിയാഴ്ച ഉച്ചയോടെ പരിഹാരമായില്ലെങ്കിൽ മുന്നൂറിലധികം വിമാനങ്ങൾ റദ്ദാക്കേണ്ടി വരുമെന്നും വെസ്റ്റ്ജെറ്റ് അറിയിച്ചു. കാൽഗറി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന 50 വിമാനങ്ങൾ റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. ഇതുവരെ ഞായറാഴ്ചയിലെ രണ്ട് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.
വ്യാഴാഴ്ച ഫെഡറൽ സർക്കാർ ബൈൻഡിംഗ് ആർബിട്രേഷനായി മന്ത്രിതല ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഈ നീക്കം. പുതിയ കരാർ സംബന്ധിച്ച് യൂണിയനുമായി രണ്ടാഴ്ച നീണ്ട ചർച്ചകൾക്കൊടുവിലായിരുന്നു ഈ ഉത്തരവ്. കാനഡ ഡേ വാരാന്ത്യത്തിൽ യാത്രയ്ക്ക് ഒരുങ്ങുന്ന എല്ലാ കനേഡിയൻ പൗരന്മാരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ശക്തമായ നടപടി സ്വീകരിക്കുമെന്ന് കാനഡ തൊഴില്‍ മന്ത്രി ഷീമസ് ഒ റീഗന് അറിയിച്ചു. എന്നാല്‍ മെക്കാനിക്സ് യൂണിയന്റെ നീക്കത്തെ കാൽഗറി ആസ്ഥാനമായുള്ള വെസ്റ്റ്ജെറ്റ് അപലപിച്ചു. ഇത് അനാവശ്യമാണെന്നും പണിമുടക്കിനെ തുടര്‍ന്നുണ്ടാകുന്ന ചിലവുകള്‍ക്ക് എഎംഎഫ്എ നൂറ് ശതമാനം ഉത്തരവാദികളാണെന്നും എയര്‍ലൈന്‍ പറഞ്ഞു.