കാൽഗറി : നഗരത്തിൽ ജലവിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ. ജല ഉപഭോഗം ഏറ്റവും താഴ്ന്ന നിലയിലേക്ക് കൊണ്ടുവരുന്നതിൽ ജനങ്ങൾ പൂർണ പിന്തുണ നൽകിയതായി മേയർ ജ്യോതി ഗോണ്ടെക് പറഞ്ഞു. നഗരത്തിലെ ജല വിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുവരികയായാണെന്നും മേയർ അറിയിച്ചു. ശനിയാഴ്ച കാൽഗറി നിവാസികൾ 447 ദശലക്ഷം ലിറ്റർ വെള്ളം ഉപയോഗിച്ചു. ഇത് അനുവദനീയമായ 480 ദശലക്ഷം ലിറ്ററിനും വളരെ താഴെയാണ്.500 ദശലക്ഷം ലിറ്ററാണ് വ്യാഴാഴ്ചത്തെ റെക്കോർഡ് ജല ഉപയോഗം.
ആശുപത്രികൾക്കും മറ്റ് മെഡിക്കൽ സൗകര്യങ്ങൾക്കും ജല ഉപയോഗത്തിൽ ഇളവുണ്ട്. മൂന്നാം ഘട്ടത്തിലെ ജല പരിശോധന ആരംഭിച്ചിട്ടുണ്ട്. വെള്ളത്തിൻ്റെ സാമ്പിളുകൾ ആൽബർട്ട ഹെൽത്ത് സർവീസസിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഇതിന് ഏകദേശം ഒരു ദിവസമെടുക്കും. ജല സാമ്പിളുകളുടെ പരിശോധന വിജയകരമായി പൂർത്തിയാക്കുന്ന പക്ഷം റിസർവോയർ ലെവൽ നിരീക്ഷിക്കുകയും ജലപ്രവാഹം ക്രമീകരിക്കുകയും വഴിതിരിച്ചുവിടുകയും ചെയ്യും. മുൻകൂട്ടി പ്രതീക്ഷിക്കാത്ത പ്രശ്നങ്ങളൊന്നും ഉണ്ടാകാതിരുന്നാൽ കാനഡ ദിനത്തോടെ നിയന്ത്രണങ്ങൾ നീക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മേയർ അറിയിച്ചു.