ഭാരതത്തിന്റെ അപ്പസ്തോലൻ മാർ തോമാശ്ലീഹായുടെ ദുക്റാന തിരുനാളിന് ഷാർജ സെൻറ് മൈക്കിൾസ് കത്തോലിക്കാ ദേവാലയത്തിൽ കൊടിയേറി. ഫാദർ റെജി മനയ്ക്കലേട്ട്, ഫാദർ ജോസ് വട്ടുകുളത്തിൽ, ഫാദർ ഡെന്നിസ് സൽദാന എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറ്റ് കർമങ്ങൾ നടന്നു. തുടർന്ന് ഫാദർ ജോസ് വട്ടുകുളത്തിന്റെ നേതൃത്വത്തിൽ ദിവ്യബലി അർപ്പിച്ചു. ഇടവകയിലെ സിറോ മലബാർ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിലാണ് തിരുനാൾ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. നിരവധി പേരാണ് തിരുകർമ്മങ്ങളിൽ പങ്കെടുത്തത്.
ജൂൺ 28 മുതൽ ജൂലൈ 6 വരെ – 9 ദിവസത്തെ നൊവേനയും, പ്രധാന തിരുനാൾ ദിനമായ ജൂലൈ 7 ഞായറാഴ്ച രാവിലെ പത്തരയ്ക്ക് ജഗദൽപൂർ ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിലിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും, ലദീഞ്ഞും, സ്നേഹവിരുന്നും തിരുനാളിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നതായി ഫാദർ ജോസ് വട്ടുകുളത്തിൽ അറിയിച്ചു.