ഇന്ന് ജൂലൈ ഒന്ന്… ദേശീയ ഡോക്ടേഴ്സ് ദിനം… നമ്മുടെ സമൂഹത്തിലെ ഏറ്റവും പ്രാധാന്യമേറിയ ഒരു തൊഴിൽ മേഖലയാണ് ഡോക്ടർമാരുടേത്. കോവിഡ് കാലത്ത് സ്വന്തം ജീവൻ ത്യജിച്ചും കുടുംബത്തെ അകറ്റി നിർത്തിയും നിസ്വാർത്ഥം പ്രവർത്തിച്ച ഒട്ടേറെ ഡോക്ടർമാരെ നമുക്കറിയാം. അവരെ ഓരോരുത്തരെയും ആദരിക്കാൻ കൂടിയുള്ള ദിനമാണ് ഇന്ന്.
ജനങ്ങൾക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ അഹോരാത്രം പ്രവർത്തിച്ച ഡോ. ബിദാൻചന്ദ്ര റോയിയുടെ സ്മരണാർത്ഥമാണ് എല്ലാവർഷവും ജൂലൈ ഒന്നിന് ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്. അദ്ദേഹത്തിന്റെ ജന്മവാർഷികവും ചരമവാർഷികവും ഇതേ ദിവസം തന്നെയാണ്. 1991 ൽ കേന്ദ്ര സർക്കാർ ജൂലൈ 1ന് ഡോക്ടേഴ്സ് ദിനമായി ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു. 1882 ജൂലൈ 1നാണ് ബിദാൻ ചന്ദ്ര റോയിയുടെ ജനനം. 1961 ഫെബ്രുവരി 4ന് പരമോന്നത ബഹുമുതിയായ ഭാരത രത്നം നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചു. പ്രശ്സ്തനായ ഒരു സ്വാതന്ത്ര്യ സമര സേനാനി കൂടിയായിരുന്നു ബി.സി റോയി. പശ്ചിമ ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്നു.
ഇന്ത്യയിൽ ജൂലൈ 1നാണ് ഡോക്ടർമാരുടെ ദിനം ആചരിക്കുന്നതെങ്കിലും മറ്റ് രാജ്യങ്ങളിൽ വേറെ ദിവസങ്ങളിലായിരിക്കും. അമേരിക്കയിൽ മാർച്ച് 30നാണ് ഡോക്ടേഴ്സ് ദിനം. ക്യൂബയിൽ ഡോക്ടർമാരെ ആദരിക്കുന്നത് ഡിസംബർ 31നാണ്. ഓഗസ്റ്റ് 23നാണ് ഇറാനിലെ ഡോക്ടേഴ്സ് ദിനം. ആദ്യമായി ഡോക്ടേഴ്സ് ദിനം ആചരിക്കുന്നത് 1993ൽ അമേരിക്കയിലെ ജോർജിയയിലാണ്.
സദാസമയവും സേവന സന്നദ്ധരായി നിലകൊള്ളുന്ന ഡോക്ടര്‍മാര്‍ തങ്ങളുടെ ജീവിതത്തേക്കാള്‍ വിലകൊടുക്കുന്നത് രോഗികളുടെ ജീവനാണ്. സമൂഹത്തിലെ പോരാളികളും നായകന്മാരുമാണ് അവര്‍. അവരുടെ സേവനങ്ങള്‍ എല്ലാക്കാലത്തും അംഗീകരിക്കപ്പെടേണ്ടതാണ്.