വൻകൂവർ : കനത്ത മഴയെ തുടർന്ന് ബ്രിട്ടിഷ് കൊളംബിയ കാംലൂപ്സിന് സമീപമുള്ള കമ്മ്യൂണിറ്റിയിലെ നിരവധി വീടുകളിൽ വെള്ളം കയറി. കംലൂപ്സ് സവോന കമ്മ്യൂണിറ്റിയിലെ 20 വീടുകളിലാണ് വെള്ളം കയറിയത്. ഈ വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായ താമസക്കാർക്കായി ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിട്ടുണ്ടെന്ന് തോംസൺ-നിക്കോള റീജൻ ഡിസ്ട്രിക്റ്റ് അധികൃതർ അറിയിച്ചു. വെള്ളപ്പൊക്കത്തിൽ കമ്മ്യൂണിറ്റിയിലെ മറ്റു കെട്ടിടങ്ങൾക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. വെള്ളപ്പൊക്കത്തെത്തുടർന്ന് തങ്ങളുടെ വീടുകൾക്ക് ചുറ്റും മലിനജലം കെട്ടിക്കിടക്കുന്നതായും രൂക്ഷമായ ദുർഗന്ധം അനുഭവപ്പെടുന്നുണ്ടെന്നും പ്രദേശവാസികൾ അറിയിച്ചു.
ട്രാൻസ്-കാനഡ ഹൈവേ അടച്ചു
വെള്ളപ്പൊക്കത്തെത്തുടർന്ന് ഞായറാഴ്ച രാത്രി സവോനയിലൂടെയുള്ള ട്രാൻസ്-കാനഡ ഹൈവേയുടെ ഒരു ഭാഗം ഇരു ദിശകളിലേക്കും അടച്ചതായി ബ്രിട്ടിഷ് കൊളംബിയ ഗതാഗത, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെ ഹൈവേയും സമീപത്തെ ആക്സസ് റോഡുകളും പൂർണ്ണമായി തുറന്നിട്ടുണ്ട്. എന്നാൽ, ഹൈവേയുടെ അറ്റകുറ്റപ്പണികൾക്കും ശുചീകരണത്തിനും ജീവനക്കാർ പ്രവർത്തിക്കുന്നതിനാൽ ഈ മേഖലയിൽ ഡ്രൈവർമാർ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഈ മേഖലയിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ, “ആവശ്യമെങ്കിൽ ഉടൻ” ഹൈവേ വീണ്ടും അടച്ചു പൂട്ടുമെന്നും ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.