വൻകൂവർ : വെസ്റ്റ്ജെറ്റ് മെക്കാനിക്കുകളുടെ പണിമുടക്ക് അവസാനിച്ചെങ്കിലും വൻകൂവർ വിമാനത്താവളത്തിൽ യാത്രാക്ലേശം തുടരുന്നു. വൻകൂവർ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നും ലോസ് കാബോസ്, ലാസ് വെഗാസ്, സാൻ ഫ്രാൻസിസ്കോ, ടൊറൻ്റോ, എഡ്മിന്റൻ, കാൽഗറി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതിൽ ഉൾപ്പെടുന്നു. വെസ്റ്റ്ജെറ്റ് തിങ്കളാഴ്ച രാജ്യത്തുടനീളമുള്ള 78 ഷെഡ്യൂൾ ചെയ്ത വിമാനങ്ങളും ചൊവ്വാഴ്ച മൂന്ന് വിമാനങ്ങളും റദ്ദാക്കി. വ്യാഴാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചതിന് ശേഷം എയർലൈൻ മൊത്തം 832 വിമാനങ്ങളാണ് റദ്ദാക്കിയത്.
വെസ്റ്റ്ജെറ്റ് എക്സിക്യൂട്ടീവുകളും എയർലൈൻ മെക്കാനിക്കുകളെ പ്രതിനിധീകരിക്കുന്ന യൂണിയനും രണ്ടാമത്തെ താൽക്കാലിക കരാറിലെത്തിയതായി എയര്‍ക്രാഫ്റ്റ് മെക്കാനിക്സ് ഫ്രറ്റേണല്‍ അസോസിയേഷൻ (AMFA) ഞായറാഴ്ച രാത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വിമാന സർവീസ് പൂർവ്വസ്ഥിതിയിലാകാൻ കാലതാമസം നേരിടുമെന്ന് കാൽഗറി ആസ്ഥാനമായി പ്രവർത്തിക്കുന്ന വെസ്റ്റ്ജെറ്റ് എയർലൈൻ പ്രസിഡൻ്റ് ഡൈഡെറിക് പെൻ പ്രസ്താവനയിൽ പറഞ്ഞു. ഈ ആഴ്ച കൂടുതൽ റദ്ദാക്കലുകൾ ഉണ്ടായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.