വൻകൂവർ : ഇന്ന് മുതൽ മെട്രോ വൻകൂവറിൽ ഉടനീളമുള്ള യാത്രക്കാർ ബസ്, വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ്, സ്കൈട്രെയിൻ എന്നിവയിൽ യാത്ര ചെയ്യാൻ കൂടുതൽ പണം ചിലവഴിക്കേണ്ടി വരും. ഓരോ യാത്രക്കാരും എത്ര സോണുകളിൽ യാത്ര ചെയ്യുന്നു എന്നതിനെ ആശ്രയിച്ച് ഓരോ ട്രിപ്പിനും അഞ്ച് മുതൽ 15 സെൻ്റ് വരെയായിരിക്കും ട്രാൻസ്ലിങ്ക് നിരക്കുകൾ വർധിക്കുക.
പ്രായപൂർത്തിയായ ഒരാൾക്ക് ഒരു സോൺ പാസിന് ഇന്ന് മുതൽ (ജൂലൈ 1) 3.20 ഡോളർ, രണ്ട് സോൺ പാസിന് 4.65 ഡോളർ, മൂന്ന് സോൺ പാസിന് 6.35 ഡോളർ എന്നിങ്ങനെയാണ് നിരക്ക് വർധിക്കുക. പഴയ നിരക്ക് യഥാക്രമം 3.15 ഡോളർ, 4.55 ഡോളർ, 6.20 ഡോളർ എന്നിങ്ങനെയായിരുന്നു. വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് യാത്രയ്ക്ക് മുതിർന്ന ഒരാൾക്ക് അഞ്ച് സോൺ ട്രിപ്പിന് 30 സെൻ്റും മൂന്ന് സോൺ പാസുകൾക്ക് 20 സെൻ്റും വർധിച്ചു. 193.80 ഡോളറാണ് പ്രായപൂർത്തിയായ യാത്രക്കാരനുള്ള മൂന്ന് സോൺ പ്രതിമാസ പാസ് നിരക്ക്.
മേഖലയിലുടനീളം സേവന നിലവാരം നിലനിർത്താനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് നിരക്ക് വർധനയെന്ന് ട്രാൻസ്ലിങ്ക് സിഇഒ കെവിൻ ക്വിൻ പറയുന്നു. മാർച്ചിൽ നിരക്ക് വർധനയ്ക്ക് അനുകൂലമായി ട്രാൻസ്ലിങ്ക് ബോർഡ് അംഗങ്ങൾ വോട്ട് ചെയ്തിരുന്നു.
നിരക്ക് വർധനയ്ക്കൊപ്പം, ട്രാൻസ്ലിങ്ക് ഷെഡ്യൂൾ മാറ്റവും ഇന്ന് മുതൽ നടപ്പിൽ വരും. അതേസമയം അവധി ദിവസമായ ഇന്ന്, ഉപയോക്താക്കക്കളിൽ നിന്നും ട്രാൻസിറ്റ് നെറ്റ്വർക്കിലുടനീളം യാത്ര ചെയ്യാൻ ഒരു സോൺ നിരക്ക് മാത്രമേ ഈടാക്കൂ.