സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനല്‍ കോടതിയുടേതാണ് ഉത്തരവ്. ഇന്ന് രാവിലെ റിയാദ് ക്രിമിനല്‍ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
മാപ്പു നല്‍കാമെന്ന് കൊല്ലപ്പെട്ട സൗദി യുവാവിന്റെ കുടുംബം കോടതിയെ അറിയിച്ചു. ദയാധനം സ്വീകരിച്ച് മാപ്പു നല്‍കാമെന്ന് കുടുംബം ഔദ്യോഗികമായി അറിയിച്ചതോടെ റഹീമിന്റെ മോചനം ഉടന്‍ സാധ്യമാകും. കൊല്ലപ്പെട്ട അനസ് അല്‍ ശഹ്റിയുടെ കുടുംബം ആവശ്യപ്പെട്ട പതിനഞ്ചു മില്യന്‍ റിയാല്‍ നേരത്തെ തന്നെ ക്രിമിനില്‍ കോടതിക്ക് ചെക്ക് വഴി കൈമാറിയിരുന്നു.
![](http://mcnews.ca/wp-content/uploads/2023/09/Sapphire-Dental-Center--1024x585.jpg)
കേസിലെ ഇരുവിഭാഗം അഭിഭാഷകരും കോടതിയില്‍ എത്തിയിരുന്നു. എംബസി ഉദ്യോഗസ്ഥര്‍ റഹീമിന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോണി സിദ്ദിഖ് തുവ്വൂരും റഹീമിനൊപ്പം കോടതിയില്‍ ഹാജരായി. കോടതിയിലെ വിര്‍ച്വല്‍ സംവിധാനത്തിലൂടെയാണ് കോടതി റഹീമിനെ കണ്ടത്. രേഖകളെല്ലാം പരിശോധിച്ചതിന് ശേഷമാണ് കോടതി വധശിക്ഷ റദ്ദ് ചെയ്ത ഉത്തരവില്‍ ഒപ്പ് വെച്ചത്. കോടതിയില്‍ എംബസി വഴി കെട്ടിവെച്ച ഒന്നരക്കോടി റിയാലിന്റെ ചെക്ക് കോടതി കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോണിക്ക് കൈമാറി.
മാപ്പു നല്‍കിയുള്ള കുടുംബത്തിന്റെ സമ്മതപത്രം ഉടന്‍ റിയാദ് കോടതി റിയാദ് ഗവര്‍ണറേറ്റിന് കൈമാറും. റിയാദ് ജയിലില്‍ കഴിയുന്ന റഹീം അധികം വൈകാതെ ജയില്‍ മോചിതനാക്കും. തുടര്‍ന്ന് റിയാദ് വിമാനത്താവളം വഴി റഹീമിനെ നാട്ടിലേക്ക് അയക്കും.